ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഡോ. ഹർഷവർധന് പകരക്കാരനായാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയായ മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രി സ്ഥാനത്ത് എത്തിയത്. എന്നാൽ അദ്ദേഹത്തെ മുൻപത്തെ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. മൻസുഖ് മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ പഴയ ട്വീറ്റുകൾ പലരും കുത്തിപ്പൊക്കിയതോടെ ട്രോളുകളും നിരവധിയായി.

ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ചില ട്വീറ്റുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തെ പലരും ട്രോളുന്നത്. രാഹുൽ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള അബദ്ധ ട്വീറ്റും ട്വിറ്ററിൽ മായാതെ കിടക്കുന്നുണ്ട്. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്. ഇതേറ്റെടുത്ത ട്രോളന്മാർ ആരോഗ്യ മന്ത്രി എന്നതിന് പകരം മന്ത്രിയുടെ ആരോഗ്യം എന്ന് കുറിച്ചു

'രാഹുൽ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റർ രാഹുൽ ജി, ഗാന്ധിജിയുടെ മരണത്തിന് ആർഎസ്എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കൾ ഇതിനകം എഴുതിയിട്ടുണ്ട്' എന്നായിരുന്നു 2014 അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. എന്നാൽ ഒരുകൂട്ടർ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തതിനാൽ അദ്ദേഹത്തെ ട്രോളുന്നത് നിർഭാഗ്യകരണമെന്നാണ് അവരുടെ വാദം.

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ നിന്നുള്ള ബിജെപി നേതാവായ മൻസുഖ് മണ്ഡവ്യ 2019 മുതൽ രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ ഒരു പ്രധാന യുവമുഖമാണ്.