തിരുവനന്തപുരം: ഒരു യൂറോപ്യൻ/ ലാറ്റിനമേരിക്കൻ തെരുവിൽ മലയാളികളാൽ ചുറ്റപ്പെട്ട് ഒരു വീൽച്ചെയറിൽ കൊച്ചുവർത്തമാനം പറഞ്ഞ് ചിരിച്ചിരിക്കുന്ന വിപ്ലവലോകത്തിന്റെ രക്തനക്ഷത്രം ചെഗുവേര. വളരെ വ്യത്യസ്തമായ കവർചിത്രത്തോടുകൂടിയാണ് ഏതാനും വർഷം മുമ്പ് മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ പുറത്തിറങ്ങിയത്. അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ആ കവർച്ചിത്രം നോവലിന് ഇപ്പോൾ വയലാർ അവാർഡ് കൂടി ലഭിച്ചതോടെ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്.

ശരിക്കും ആ ചിത്രത്തിൽ വീൽച്ചെയറിലിരുന്നത് ഇന്ത്യൻ കമ്യൂണിസത്തിന്റെ ദാർശനികമുഖമായ കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് ആയിരുന്നു. കരിവെള്ളൂർ സമരത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഇ.എം.എസിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കാറിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഈ മുഖചിത്രത്തിനാധാരം.

ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ എന്ന സൃഷ്ടിയുടെ രണ്ടാം പതിപ്പായാണ് മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ പുറത്തിറങ്ങിയത്. അന്നുതന്നെ അതിന്റെ കളറിലല്ലാത്ത മുഖചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ചെഗുവേരയ്ക്ക് സമീപം നിൽക്കുന്ന ചില മുഖങ്ങൾ മലയാളികൾക്ക്, പ്രത്യേകിച്ച് മലബാർ പ്രദേശത്ത് ഉള്ളവർക്ക് ചിരപരിചിതമാണെന്നതാണ് പ്രധാനകാരണം. വീൽച്ചെയറിന് തൊട്ടുപിന്നിൽ കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും, സമീപത്തായി കരിവെള്ളൂരിലെ കൂത്തൂർ നാരായണനും, തേത്രവൻ കുഞ്ഞിരാമനുമാണ് ചിത്രത്തിൽ കാണുന്ന ചിലർ.

കരിവെള്ളൂർ സമരത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി 1996 നവംബർ 20ന് കരിവെള്ളൂർ സമരഭൂമികയായ കുണിയൻ പുഴക്കരയിൽ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തീരെ അവശനായിട്ടുകൂടി ഇഎംഎസ് എത്തുകയുണ്ടായി. ഇതിനായി ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ അദ്ദേഹത്തിനെ സഖാക്കൾ കാറിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഈ മുഖചിത്രത്തിനാധാരം.

ഈ അപൂർവ്വ ഫോട്ടോ പകർത്തിയത് മാതൃ ഭൂമിയിലെ മധുരാജ് ആണ്, മാന്തളിരിന് വേണ്ടി കവർ ഡിസൈൻ ചെയ്തത് സെയ്നുൽ ആബിദും. മാന്തളിർ ദേശത്തിന്റെ കഥ പറയുന്ന രചനക്ക് വയലാർ അവാർഡ് ലഭിച്ചത് കവറിൽ മുണ്ടുകടക്കിക്കുത്തി നിൽക്കുന്നവരുടെ മുന്നിൽ നിൽക്കുന്ന ചെഗുവേരയുടെ രക്തസാക്ഷി ദിനത്തിലാണ് എന്നതുമൊരു പ്രത്യേകതയാണ്.