വ്യാജവാർത്തയ്ക്കെതിരെ നടി മന്യയുടെ പ്രതികരണം. വാർത്ത വന്ന ഓൺലൈൻ മാധ്യമത്തിന്റെ പേജിൽ കമന്റ് ചെയ്തായിരുന്നു മന്യയുടെ പ്രതികരണം. നടൻ ദിലീപിനെ കുറിച്ച് മന്യ നടത്തിയൊരു പ്രസ്താവനയായിരുന്നു വാർത്തയായത്. 'എനിക്ക് പ്രായം കുറഞ്ഞു പോയി, അല്ലെങ്കിൽ വിവാഹം കഴിക്കുമെന്ന് ദിലീപ് പറയുമായിരുന്നു' എന്ന് മന്യ പറഞ്ഞു എന്നായിരുന്നു വാർത്ത.ഈ വാർത്തയുടെ കമന്റിലൂടെയാണ് ഇത് വ്യാജമാണെന്ന് മന്യ തുറന്നടിച്ചത്. പിന്നാലെ ഇതിന്റെ സ്‌ക്രീൻഷോട്ടും മന്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു.

'ഈ വാർത്ത വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നവയുമാണ്. ദിലീപ് അങ്ങനെ പറഞ്ഞിട്ടില്ല. ബഹുദൂർക്ക തമാശ പറയുമായിരുന്നു എന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്. ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കുന്ന മാധ്യമം നിരോധിക്കപ്പെടണം. ഇത് അറപ്പുളവാക്കുന്നതാണ്. ഈ വാർത്ത പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യണം. അല്ലെങ്കിൽ നിയപരമായി മുന്നോട്ട് പോകും''. എന്നാണ് വാർത്തയ്ക്ക് കമന്റായി മന്യ കുറിച്ചത്.