കോഴിക്കോട്: കോഴിക്കോട് വ്യവസായികളെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്‌മാനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പെലീസിന്റെ പ്രാഥമിക നിഗമനം. മുമ്പും ഇയാൾ പലർക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.

വയനാട് ചുണ്ടേൽ നിന്നാണ് ഭീഷണി കത്തുകൾ അയച്ചത്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയുടെ കാറിന്റെ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഹബീബിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ പറ്റിയുള്ള വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇന്നലെ ഇയാളുടെ വീട്ടിലും ഓഫീസിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാൾ കരാറുകാരനാണെന്നും നേരത്തെയും ഇത്തരം കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം അയച്ചതിന് പുറമെ പണം ആവശ്യപ്പെട്ട് വ്യവസായികളെ പ്രതി ഫോണിലും വിളിച്ചിരുന്നു. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികൾക്ക് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിലും കസബ പൊലീസിലും വ്യവസായികൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.