കൊച്ചി: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇതര മതങ്ങളും ക്രൈസ്തവ സഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കാൻ സന്ദർശനം ഇടയാക്കുമെന്നും മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു.

ഇന്ത്യക്കാർക്ക് അഭിമാനനിമിഷമെന്ന് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവാ പറഞ്ഞു. തീരുമാനം ഭാരതത്തിലെ സമൂഹങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവാകും. പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ചർച്ച ഗുണപരമായ മാറ്റം ഉണ്ടാക്കുമെന്നും കർദിനാൾ മാർ ക്ലിമ്മിസ് പറഞ്ഞു.

മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ഏറെ ആഹ്ലാദകരമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷൻ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. സന്ദർശന പരിപാടിയിൽ കേരളവും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ആർച്ച്ബിഷപ് കൊച്ചിയിൽ പറഞ്ഞു.

വത്തിക്കാനിലെ പേപ്പൽ ഹൗസ് ലൈബ്രറിയിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ, നരേന്ദ്ര മോദിക്ക് ഒലിവില ചില്ല പതിച്ച വെങ്കല ഫലകമാണ് ഫ്രാൻസിസ് മാർപാപ്പ സമ്മാനമായി നൽകിയത്. ബെബിളിൽ പ്രതീക്ഷയുടെ അടയാളമാണ് ഒലിവില. 'മരുഭൂമിയും പൂന്തോട്ടമാകും' എന്ന് വെങ്കല ഫലകത്തിൽ ആലേപനം ചെയ്തിട്ടുണ്ട്.

വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവും മോദി മാർപാപ്പയ്ക്കു സമ്മാനമായി നൽകി. ഇന്ത്യയിൽ പ്രത്യേകമായി നിർമ്മിച്ചത് എന്ന ആമുഖത്തോടെയാണു മെഴകുതിരി പീഠം കൈമാറിയത്. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് 'ദ് ക്ലൈമെറ്റ് ക്ലൈംബ്' എന്ന പുസ്തകത്തിൽ പറയുന്നത്. പിന്നാലെ മോദിക്കു നൽകിയ വെങ്കല ഫലകത്തിന്റെ പ്രത്യേകതകൾ മാർപാപ്പയും വിശദീകരിച്ചു.