തിരുവനന്തപുരം: മോഹൻലാൽ ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം അതു മാറ്റി തിയറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. അതിനാൽത്തന്നെ റിലീസ് പരമാവധി ആഘോഷമാക്കാനാണ് മോഹൻലാൽ ആരാധക സംഘങ്ങളുടെ തീരുമാനം. റിലീസ് ദിനത്തിലെ ഫാൻസ് ഷോകളുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ ഒരുങ്ങുകയാണ് ചിത്രം. റിലീസിന് 10 ദിവസം ശേഷിക്കെ നിലവിൽ തീരുമാനിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ഫാൻസ് ഷോകളുടെ ചാർട്ട് പ്രസീദ്ധീകരിച്ചിരിക്കുകയാണ് മോഹൻലാൽ ഫാൻസ്. ഇതനുസരിച്ച് 600ൽ അധികം ഫാൻസ് ഷോകളാണ് റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം ചിത്രത്തിന്.

ഫാൻസ് ഷോകളുടെ എണ്ണത്തിൽ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. പിന്നാലെ കോഴിക്കോട്, തൃശൂർ, മലപ്പുറം, കൊല്ലം ജില്ലകളും. കേരളത്തിനു പുറമെ ഇന്ത്യയിലെ പല പ്രധാന റിലീസ് കേന്ദ്രങ്ങളിലും ജിസിസി അടക്കമുള്ള വിദേശ മാർക്കറ്റുകളിലും ചിത്രത്തിന് ഫാൻസ് ഷോകൾ ഉണ്ട്. റിലീസ് ദിനത്തിലെ മരക്കാറിന്റെ ആഗോള ഫാൻസ് ഷോകളുടെ എണ്ണം ആയിരത്തിലേറെ വരുമെന്നും ഫൈനൽ ലിസ്റ്റ് ഡിസംബർ 1ന് പ്രസിദ്ധീകരിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

മലയാളത്തിലെ എക്കാലത്തെയും മുതൽമുടക്കുള്ള ചിത്രമാണ് മരക്കാർ. 100 കോടി ബജറ്റിൽ ഒരുങ്ങിയിരിക്കുന്ന ചിത്രം മോഹൻലാലിന്റെയും പ്രിയദർശന്റെയും സ്വപ്‌ന പ്രോജക്റ്റ് കൂടിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് കഥാപാത്രങ്ങളായി എത്തുന്നത്. പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന സംവിധാനം ത്യാഗരാജനും കസു നെഡയും ചേർന്നാണ്.