കൊച്ചി: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ മലയാള സിനിമ വമ്പൻ പ്രതിന്ധിയിലേക്കാണ് നീങ്ങുന്നത്. എന്ന് തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന് ആർക്കും അറിയില്ല. തിയേറ്റർ തുറന്നാലും ആളുകൾ ഒഴുകിയെത്താനും സാധ്യതയില്ല. ഇതോടെ മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യാനുള്ള സാധ്യത തെളിയുകയാണ്. തിയേറ്ററുകളിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്നതും ആലോചനയിലുണ്ട്. 100 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്. ഇത് തിരിച്ചു പിടിക്കാൻ ഈ കോവിഡുകാലത്ത് പുതുമയുള്ള മാർഗ്ഗം തേടാനാണ് നീക്കം.

മോഹൻലാൽ ചിത്രമായ ദൃശ്യം രണ്ട് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. കോവിഡിന്റെ ഭീതി ഒഴിഞ്ഞപ്പോഴായിരുന്നു ചിത്രീകരണം നടന്നത്. ദൃശ്യം രണ്ട് വമ്പൻ വിജയമാകുകയും ചെയ്തു. എന്നാൽ മലയാളത്തിലെ എക്കാലത്തേയും ചെലവേറിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. അതിന് ഒടിടിയിൽ വമ്പൻ വില കൊടുക്കാൻ ആരും തയ്യാറാകില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതാണ് മാറ്റി മറിക്കപ്പെടുന്നത്. ഡിസ്‌നി സ്റ്റാർ ഗ്രൂപ്പ് ലാൽ ചിത്രം ഏറ്റെടുക്കാൻ തയ്യാറാണെന്നാണ് സൂചന. ഏഴ് ഭാഷകളിലെ പരിഭാഷാ അവകാശം അടക്കം അമ്പത് കോടിയിൽ അധികം ലാഭമുള്ള ഡീലാണ് ചർച്ചകളിലുള്ളത്.

ഡിസ്‌നി ഗ്രൂപ്പിനെ ഇന്ത്യയിൽ നയിക്കുന്നത് മലയാളിയായ മാധവനാണ്. ഡിസ്‌നിയുടെ കീഴിലുള്ള ഒടിടി പ്ലാറ്റ് ഫോം ഹോട്‌സ്റ്റാറാണ്. ഹോട്‌സാറ്റാറിൽ ശതകോടികളുടെ മുടക്കിൽ സിനിമകളുടെ റിലീസ് ഇതുവരെ നടന്നിട്ടില്ലെന്നാണ് സൂചന. ഇത് മാറ്റി കൂടുതൽ സജീവമാകാനാണ് മാധവന്റെ തീരുമാനം. മോഹൻലാലിന്റെ മരയ്ക്കാർ ചിത്രത്തിലൂടെ ഇതിന്റെ സാധ്യതകൾ തേടുകയാണ് മാധവൻ എന്നാണ് സൂചന. ഡിസ്‌നിയുടെ കീഴിലാണ് സ്റ്റാർ ഗ്രൂപ്പ്. ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളുടെ ഉടമസ്ഥർ. സ്റ്റാർ ഗ്രൂപ്പിന്റെ എല്ലാ ചാനലുകൾക്കും സംപ്രേഷണാവകാശം കിട്ടുന്ന തരത്തിൽ മരയ്ക്കാറെ സ്വന്തമാക്കാനാണ് ശ്രമം.

തിയേറ്ററിൽ മാത്രമേ അറബിക്കലിന്റെ സിംഹത്തെ റിലീസ് ചെയ്യിക്കൂവെന്ന നിലപാടിലായിരുന്നു പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ. കോവിഡ് പ്രതിസന്ധിക്കിടയിൽ തിയേറ്ററിൽ ചിത്രമെത്തിയാലും വലിയ പ്രേക്ഷക കുതിപ്പ് ആരും പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ മറ്റ് വഴികളിലൂടേയും ലാഭം ഉറപ്പിക്കണമെന്നാണ് ചിന്ത. അതിനുള്ള സാധ്യതയാണ് ഡിസ്‌നി ഗ്രൂപ്പ് മുമ്പോട്ടു വയ്ക്കുന്നതും. എല്ലാ വിധ കൂടിയാലോചനകൾക്കും ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. തിയേറ്ററിലും ഒടിടിയിലും ഒരേ ദിവസം റിലീസ് എന്ന ആശയം ഗൗരവത്തോടെയാണ് സിനിമയുടെ അണിയറക്കാരും കാണുന്നത്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എല്ലാ ഭാഷയിലും നേട്ടമുണ്ടാക്കാവുന്ന തരത്തിലാണ് പ്രിയദർശൻ ഒരുക്കിയത്. ഹിന്ദി താരമായ സുനിൽ ഷെട്ടിയും തമിഴിലെ സൂപ്പർ സ്റ്റാർ പ്രഭുവും അഭിനയിക്കുന്നു. എല്ലാ ഭാഷകളിലേകും കളക്ഷൻ ലക്ഷ്യമിട്ടാണ് ഇങ്ങനെ ചിത്രീകരണം നടത്തിയത്. അതുകൊണ്ട് തന്നെ ഈ മാസ് മൂവിക്ക് എല്ലാ തരം ആളുകളേയും സ്വാധീനിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് ഡിസ്‌നിക്കുള്ളത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും മരയ്ക്കാറിന് ആയിരുന്നു. എന്നാൽ കോവിഡ് ഈ സിനിമയ്ക്ക് നൽകുന്നത് വമ്പൻ നഷ്ടമാകുമെന്ന വിലയിരുത്തലും ഉണ്ട്.

ചൈനയിലും റിലീസിന് ഉദ്ദേശിച്ചായിരുന്നു പദ്ധതികൾ തയ്യാറാക്കിയത്. വിതരണക്കാരുമായി കരാറും ഉണ്ടാക്കി. ഏതാണ്ട് 500 കോടിയുടെ ബിസിനസ്സ് ചൈനയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു. കോവിഡിൽ താളം തെറ്റിയത് ഈ പ്രതീക്ഷകളാണ്. ഇതെല്ലാം മുന്നിൽ കണ്ടാണ് മരയ്ക്കാറിന് 100 കോടിയുടെ മുടക്ക് മുതൽ ആശിർവാദ് സിനിമാസും ആന്റണി പെരുമ്പാവൂരും നടത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ദൃശ്യം രണ്ട് ഒടിടിയിൽ വിറ്റതെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.