കൊച്ചി: മരക്കാർ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമോ, അതോ തിയേറ്ററിൽ എത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വച്ച 40 കോടി മിനിമം ഗ്യാരന്റി എന്നതാണ് തർക്ക വിഷയമായി തുടരുന്നത്. എന്നാൽ, പ്രശ്‌നം പരിഹരിക്കാൻ ചർച്ച തുടരുന്നു എന്ന് ഫിലിം ചേംബർ പ്രസിഡണ്ട് സുരേഷ് കുമാർ അറിയിച്ചു.

ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ട തുക 40 കോടിയിൽ നിന്നും ഇരുപത്തിയഞ്ചു കോടിയാക്കി കുറച്ചെന്നും സുരേഷ് കുമാർ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.തിയേറ്ററുടമകൾ 15 കോടി നൽകാമെന്ന് പറഞ്ഞു. മിനിമം ഗ്യാരണ്ടി നൽകില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചതായും സുരേഷ് കുമാർ പറഞ്ഞു. മിനിമം ഗ്യാരണ്ടി വേണമെന്ന ആവശ്യത്തിൽ ആന്റണി പെരുമ്പാവൂർ ഉറച്ചു നിൽക്കുകയുമാണ്.

അവസാന ചർച്ച ഇന്നു വൈകിട്ട് നടക്കും. ഇതോടുകൂടി ചർച്ച അവസാനിപ്പിക്കുമെന്നും സുരേഷ് കുമാർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ മരക്കാർ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുവാൻ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂർ മൂന്നോട്ടുവെച്ചിരുന്നു.തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകൾ വേണമെന്നുമുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം സിനിമാപ്രദർശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂർ ചേംബർ ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റർ ഉടമകളും 25 ലക്ഷം രൂപ അഡ്വാൻസ് നൽകണം. നഷ്ടം വന്നാൽ തിരികെ നൽകില്ല. എന്നാൽ ലാഭം ഉണ്ടായാൽ അതിന്റെ ഷെയർ വേണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടു.

എന്നാൽ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങൾ ഫിയോക് ഉന്നയിച്ചു. ഇതോടെയാണ് ഫിലിം ചേംബർ മധ്യസ്ഥ ചർച്ചയിൽ നിന്ന് പിന്മാറിയത്. നിലവിൽ തീരുമാനം നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന് വിട്ടിരിക്കുകയാണ്.

അതിനിടെ. മരക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിൽ എത്തുമെന്നും വാർത്തകൾ വന്നു. ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാർത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സർവേകൾ നടത്തുകയും ചെയ്യുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബൽ എന്ന പേജ് ആണ് ഈ വിവരം പുറത്തുവിട്ടത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം രണ്ടു വർഷം കൊണ്ട് ഏതാണ്ട് 100 കോടിക്കടുത്ത് ചെലവിട്ടാണ് നിർമ്മിച്ചത്. 2020 മാർച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് മൂലം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പല റിലീസ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും മറ്റു പല കാരണങ്ങളാൽ അതൊന്നും നടന്നില്ല.