കൊച്ചി: മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബിഗ് ബജറ്റ് പീരിയഡ് ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' മാർച്ചിൽ റിലീസ് ആകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മമ്മൂട്ടിയുടെ 'ദ് പ്രീസ്റ്റ്' ഉൾപ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന തീയതികൾ സഹിതം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിയറ്ററുകൾക്കു നൽകിയിട്ടുള്ളത്. ഇതിൽ പ്രിയൻ ചിത്രമില്ല. തിയറ്ററുകൾ 13 നു തുറന്നെങ്കിലും, ആദ്യ മലയാളം സിനിമയുടെ റിലീസിന് 22 വരെ കാക്കണം. ജയസൂര്യ നായകനായ 'വെള്ളം' ആണ് ആദ്യ റിലീസ് ചിത്രം.

മരയ്ക്കാറിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ആന്റണിയുടെ ദൃശ്യം ഒടിടി റിലീസിന് ആമസോണിന് നൽകി. ഇത് സിനിമാ മേഖലയിൽ വിവാദമായി. ഈ സാഹചര്യത്തിലാണ് മാർച്ചിലെ പട്ടികയിൽ നിന്ന് മോഹൻലാൽ ചിത്രത്തെ ഒഴിവാക്കിയത്. ആൻണിക്കും തിയേറ്ററുകൾ ഉണ്ട്. വലിയൊരു തിയേറ്റർ സംഘടനയും കൂടെയുണ്ട്. അതുകൊണ്ട് തന്നെ എന്തുവന്നാലും സിനിമ റിലീസ് ചെയ്യാമെന്നാണ് ആന്റണിയുടെ പ്രതീക്ഷ. ദിലീപ് അടക്കമുള്ളവരുടെ പിന്തുണയും ഉണ്ട്.

മരയ്ക്കാർ 100 കോടി മുടക്കിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് നിർമ്മാണം. ഈ നഷ്ടം കോവിഡുകാലത്ത് താങ്ങാനായില്ലെന്നും അതുകൊണ്ടാണ് ദൃശ്യം ഒടിടിയായി കൊടുത്തതെന്നും ആന്റണി പറയുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിന്റെ പട്ടികയിൽ ഇല്ലെങ്കിലും മരയക്കാർ മാർച്ച് 26നു റിലീസ് ചെയ്യുമെന്ന് അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീയതി മാറ്റം സംബന്ധിച്ചു നിലവിൽ സൂചനകളില്ല താനും. ഇതിന് കാരണം പ്രൊഡ്യുസേഴ്‌സ് സംഘടന നിലപാട് മാറ്റുമെന്ന പ്രതീക്ഷയാണ്.

വിജയ് ചിത്രമായ മാസറ്ററിനുണ്ടായ തള്ളക്കയറ്റം മലയാള സിനിമയ്ക്കും ആശ്വാസമാണ്. കേരളത്തിലെ തിയറ്ററുകളിൽ ആരവങ്ങളും സാമ്പത്തിക ഉണർവും നിറച്ച തമിഴ് ചിത്രം 'മാസ്റ്റർ' വമ്പൻ കളക്ഷൻ നേടി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മലയാള സിനിമകളും തിയേറ്ററിൽ എത്തുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റിലീസിനൊരുങ്ങുന്നത് ഏകദേശം 20 ചിത്രങ്ങളാണ്.

മമ്മൂട്ടിയുടെ 'ദ് പ്രീസ്റ്റ്' ഉൾപ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന തീയതികൾ സഹിതം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിയറ്ററുകൾക്കു നൽകിയിട്ടുള്ളത്. മുൻഗണനാ ക്രമത്തിൽ തയാറാക്കിയ പട്ടികയാണെങ്കിലും അതതു സമയത്തു തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ വിജയ പരാജയങ്ങൾ കൂടി കണക്കിലെടുത്തു റിലീസ് തീയതികളിൽ മാറ്റമുണ്ടാകും.

ആദ്യം റിലീസ് ചെയ്ത ചിത്രങ്ങൾ മികച്ച കലക്ഷൻ നേടുകയാണെങ്കിൽ സ്വാഭാവികമായും പിന്നാലെയെത്തുന്ന ചിത്രങ്ങളുടെ റിലീസ് തീയതികളിൽ മാറ്റമുണ്ടായേക്കാം. തിയറ്ററുകളിൽ, വൻ പ്രതികരണം ദൃശ്യമാകുകയും കോവിഡ് വാക്‌സീൻ വിതരണം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടുതൽ ചിത്രങ്ങൾ റിലീസിനു സന്നദ്ധമാകുമെന്നാണു സൂചന. മധ്യവേനൽ അവധിക്കാലമാകുമ്പോൾ കുടുംബ പ്രേക്ഷകരും തിയറ്ററുകളിൽ സജീവമാകും

കോവിഡ് ഭീതിയെ മറികടന്ന് 'മാസ്റ്റർ' ആഗോളതലത്തിൽ 100 കോടി രൂപയുടെ കലക്ഷൻ നേടിക്കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകൾ. തമിഴ്‌നാട്, കേരളം, ആന്ധ്ര, തെലങ്കാന കർണാടക സംസ്ഥാനങ്ങളിൽ വൻ വിജയം നേടിയ ചിത്രം തമിഴ് സിനിമയ്ക്കു പ്രിയമുള്ള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണു നേടുന്നത്.