കണ്ണൂർ: സ്വന്തം പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടില്ലെന്ന പ്രഖ്യാപനമാണ് ഇടതുമുന്നണി കൺവീനർ ഇ.പി .ജയരാജൻ നടത്തിയിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. സുകുമാരക്കുറുപ്പിനെ ഇത്രയും കാലമായി പിടിച്ചോ എന്ന മറുചോദ്യമാണ് ഇ.പി.ജയരാജൻ മാധ്യമങ്ങളോട് ചോദിച്ചത്.

പാർട്ടി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കാൻ പിണറായിയുടെ പൊലീസിനു കഴിയില്ലെന്ന് കൃത്യമായി പറയുകയാണ് ഇതിലൂടെ ജയരാജൻ ചെയ്തിരിക്കുന്നത്. സ്വന്തം സർക്കാരിന്റെ കഴിവുകേട് ഇടതുമുന്നണി കൺവീനർ തന്നെ സമ്മതിച്ചതിൽ സന്തോഷമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയേയും കടുത്ത പ്രതിരോധത്തിലാക്കിയ സ്വർണകടത്തടക്കമുള്ള ഗുരുതര വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് മറ്റു പാർട്ടി ഓഫീസുകൾക്കു നേരെയുള്ള ആക്രമണങ്ങളെന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

സിപിഎം ആസ്ഥാനമന്ദിരത്തിനു നേരെയുണ്ടായെന്ന് പറയുന്ന അക്രമം സിപിഎം തന്നെ ഉണ്ടാക്കിയ തിരക്കഥയാണ്. ഇക്കാര്യം കൃത്യമായി അറിയുന്നത് ഇ.പി.ജയരാജനാണ്. അതുകൊണ്ടാണ് സുകുമാരക്കുറുപ്പിനെ പോലെ ഒരു കാലത്തും പിടിയിലാകില്ല പ്രതിയെന്ന് ജയരാജൻ പറയുന്നത്. എ കെ ജി സെന്റർ അക്രമണത്തിന്റെ മറപറ്റി സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചതിന് സി പി എം നേതൃത്വം സമാധാനം പറയണം.

രാഷ്ട്രീയ സംഘർഷമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. പാർട്ടി പ്രതിരോധത്തിലായ നാണംകെട്ട വിഷയങ്ങൾ അതോടെ തമസ്‌കരിക്കപ്പെടുമെന്ന കുടിലചിന്തയിലാണ് ഇത്തരം നീക്കങ്ങളെന്നും സമാധാനകാംക്ഷികളായ ജനങ്ങൾ ഈ ഗൂഢനീക്കങ്ങൾ കരുതിയിരിക്കണമെന്നും അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. പാർട്ടി ഓഫീസുകൾ ആക്രമിച്ച കേസുകളിലൊന്നും പ്രതികളെ പൊലീസ് പിടികൂടാത്തത് അക്രമികളെ പ്രോൽസാഹിപ്പിക്കുകയാണ്.

ഡിസിസി ഓഫീസിനു നേരെ കല്ലേറു നടത്തിയ കേസിൽ ഒരു മാസമായിട്ടും ആരെയും പിടികൂടിയിട്ടില്ല. പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ തലവെട്ടിയ സംഭവത്തിൽ എല്ലാ പ്രതികളേയും പിടികൂടിയിട്ടില്ല. പ്രതികളെ പൊലീസ് പിടികൂടില്ലെന്ന സന്ദേശം ഇടതു കൺവീനർ തന്നെ നൽകുന്നത് ക്രിമിനലുകൾക്കുള്ള പ്രോൽസാഹനമാണെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.