മുംബൈ: ഉപയോഗിച്ച മാസ്‌ക്കുകൾ കുത്തിനിറച്ച് കിടക്ക നിർമ്മിച്ച ഫാക്ടറി പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. പഞ്ഞി ഉൾപ്പെടെ സാധാരണയായി ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകൾ കുത്തിനിറച്ചാണ് കിടക്കകൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജാൽഗാവ് ജില്ലയിലാണ് സംഭവം. ഫാക്ടറിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കിടക്ക നിർമ്മാണ ഫാക്ടറിയിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നതായി മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു.

ഫാക്ടറി സന്ദർശിച്ച ഉദ്യോഗസ്ഥർ, ഉപയോഗിച്ച മാസ്‌ക്കുകൾ കുത്തിനിറച്ച് കിടക്ക നിർമ്മിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കമ്പനി പൂട്ടിയ അധികൃതർ ഉപയോഗിച്ച മാസ്‌ക്കുകൾ കൂട്ടിയിട്ട് കത്തിച്ചും നശിപ്പിച്ചു.