ന്യൂഡൽഹി: കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നവരെ നമ്മുടെ ജീവിതം മാസ്‌കിൽ തന്നെ തുടരും. വരും വർഷവും മാസ്‌കിൽ നിന്ന് മുക്തി നേടാമെന്ന പ്രതീക്ഷ വേണ്ട. 2022 ഉം മാസ്‌ക് വർഷമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നീതി ആയോഗ്.വാക്സീൻ, മരുന്ന്, അച്ചടക്കത്തോടെയുള്ള പെരുമാറ്റം എന്നിവ കോവിഡ് പോരാട്ടത്തിൽ പ്രധാനമാണ്. വരുന്ന മാസങ്ങളിലെ ആഘോഷങ്ങളിൽ കരുതലെടുത്തില്ലെങ്കിൽ അതിതീവ്ര വ്യാപനത്തിനു കാരണമാകുമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകുന്നു.

വാക്‌സിനേഷൻ പൂർത്തിയാക്കിയവരിൽ ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് രാജ്യാന്തര മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധവും ചൂണ്ടിക്കാട്ടുന്നു. ബൂസ്റ്റർ ഡോസ് കൊണ്ട് അൽപം പ്രയോജനം ലഭിച്ചാൽ പോലും, വാക്‌സീൻ കിട്ടാത്തവർക്ക് നൽകുന്നതിനെക്കാൾ വലിയ നേട്ടമല്ല അതെന്നും ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് നിലവിൽ മുഖ്യ ചർച്ചാവിഷയമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. എല്ലാവർക്കും 2 ഡോസ് നൽകുന്നതിനാണ് മുൻഗണന. 18 വയസ്സിനു മുകളിലുള്ളവർക്ക് 2 ഡോസ് വാക്‌സീൻ നൽകുകയാണ് ഇപ്പോഴുള്ള ലക്ഷ്യം. അത് മികച്ച രീതിയിലെത്തുമ്പോൾ 1218 പ്രായക്കാരെ പരിഗണിക്കും.