തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത ഇ ബുൾ ജെറ്റ് വ്‌ലോഗർമാരായ എബിനേയും ലിബിനേയും പിന്തുണച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

പൊലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ എന്ന് ചോദിച്ച മാത്യു കുഴൽനാടൻ ഓരോ ദിവസവും പൊലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നതെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.

ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പൊലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് ഇ- ബുൾ ജെറ്റ് വ്‌ലോഗർമാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയതെന്ന് കുഴൽനാടൻ കൂട്ടിച്ചേർത്തു.

''നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങൾക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ല''-അദ്ദേഹം പറഞ്ഞു

പോസ്റ്റിനെതിരേ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതോടെ നിയമലംഘനത്തെ ന്യായീകരിക്കാനല്ല തന്റെ ഉദ്ദേശമെന്ന് അദ്ദേഹം വിശദീകരണം നൽകി. ദിനംപ്രതി ഉയർന്ന് വരുന്ന പൊലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് തന്റെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പൊലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ?

ഓരോ ദിവസവും പൊലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ മീൻ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക..

ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പൊലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്‌ലോഗ്ഗറുമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങൾക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളരിക്കാപട്ടണമല്ല.

വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വിത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.

NB : പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയർന്ന് വരുന്ന പൊലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽ കുറിപ്പ്.