ലണ്ടൻ: ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനി വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ. ക്വാർട്ടറിൽ റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ പോളണ്ട് താരം ഹ്ഊബർട്ട് ഹർക്കസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിൽ മറികടന്നാണ് ഏഴാം സീഡായ ബരെറ്റിനിയുടെ ഫൈനൽ പ്രവേശനം. സ്‌കോർ 6-3, 6-0, 6-7, 6-4.

ബരെറ്റിനിയുടെ ആദ്യ ഗ്രാസ്ലാം ഫൈനലാണിത്. ജയത്തോടെ വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും ബെരെറ്റിനിക്ക് സ്വന്തമായി.

വിംബിൾഡൺ ഫൈനലിലെത്തിയെന്നത് വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും സ്വപ്നം പോലും കാണാനാകാത്ത നേട്ടമാണിതെന്നും ബരെറ്റിനി മത്സരശേഷം പറഞ്ഞു.

നൊവാക് ജോക്കോവിച്ച്-ഡെനിസ് ഷൊപോലോവ് രണ്ടാം സെമിയിലെ വിജയിയെയാണ് ബരെറ്റിനി കിരീടപ്പോരാട്ടത്തിൽ നേരിടുക. ഫെഡററെ തോൽപ്പിച്ച ക്വാർട്ടർ മത്സരത്തിൽ പുറത്തെടുത്ത മികവിന്റെ അടുത്തൊന്നും എത്താൻ ബെറേറ്റിനിക്കെതിരായ സെമി പോരാട്ടത്തിൽ ഹർക്കാസിന് കഴിഞ്ഞില്ല.