കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസി്ൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്ത ഒളിക്യാമറകളിലുള്ളത് ഞെട്ടിക്കുന്ന സൂചനകൾ. ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിൽ എത്തിയ വിവിഐപികളുടെ സ്വകാര്യ രംഗങ്ങളെല്ലാം മൊബൈലിൽ മാവുങ്കൽ കണ്ടാസ്വദിച്ചിരുന്നു. തിരുമൽ കേന്ദ്രത്തിലെ തിരുമലും തൽസമയം വീക്ഷിച്ചു. ഈ ദൃശ്യങ്ങളെല്ലാം സേവ് ചെയ്ത് സൂക്ഷിച്ചുവെന്നും സംശയമുണ്ട്.

അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകളാണ് ക്രൈംബ്രാഞ്ചും സൈബർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡിങ് സംവിധാനം പ്രവർത്തിച്ചിരുന്ന ക്യാമറകൾ വഴി പകർത്തിയ ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോൻസണ് നേരിൽ കാണാനുള്ള സംവിധാനമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെ തൽസമയം അതീവ രഹസ്യ ഹാർഡ് ഡിസ്‌കുകളിലും മറ്റും മാറ്റിയിട്ടും ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ ദൃശ്യങ്ങൾ കണ്ടെത്തുകയും പ്രയാസകരമാണ്.

ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും ഇത് ഐക്ലൗഡ് ഉൾപ്പെടെയുള്ളവയിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും അറിയാൻ മോൻസണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പോക്സോ കേസിൽ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയ്ക്കൊപ്പം ക്രൈംബ്രാഞ്ച് ഈ കേസിലും അപേക്ഷ നൽകും. അറസ്റ്റിലായതിന് പിന്നാലെ മോൻസന്റെ ഒരു പെൻ്രൈഡവ് കത്തിച്ച് കളഞ്ഞതായി വിവരമുണ്ട്. മോൻസൺ നൽകിയ നിർദ്ദേശം അനുസരിച്ച് ഒരു ജീവനക്കാരനാണ് പെൻ്രൈഡവ് കത്തിച്ചത്.

മേൻസന്റെ മ്യൂസിയത്തിൽ മാത്രം 28 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ മോൻസന് ഗസ്റ്റ്ഹൗസിലിരുന്ന് തന്റെ മൊബൈലിൽ ദൃശ്യങ്ങൾ കാണാനുള്ള സംവിധാനവുമൊരുക്കിയിരുന്നു. ഒറ്റനോട്ടത്തിൽ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പു മുറിയിലും സ്പായിലും ക്യാമറകൾ സ്ഥാപിച്ചിരുന്നത്. അത്യാധുനിക ക്യാമറയായതിനാൽ ദൃശ്യങ്ങളുടെ മികവും കൂടും. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് വിഐപികളെ മാവുങ്കൽ വരച്ച വലയിൽ നിർത്തിയോ എന്നും സംശയമുണ്ട്.

ക്യാമറകൾ സ്ഥാപിച്ച നെറ്റ്‌വർക്കിങ് ഏജൻസിയെയും ചോദ്യം ചെയ്തു. ക്യാമറകൾ വഴി ആരുടെയൊക്കെ ദൃശ്യങ്ങളാണ് പകർത്തിയതെന്നും ഇത് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അവർക്ക് അറിയില്ല. കസ്റ്റഡിയിലെടുത്ത ക്യാമറകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ബെഹ്‌റ മുതൽ ഗുണ്ടാ തലവൻ ഓംപ്രകാശ് വരെ നീളുന്ന സൗഹൃദമാണ് മാവുങ്കലിനുള്ളത്.

മാവുങ്കലിനെതിരായ പോക്‌സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായിരുന്നു. രണ്ട് ദിവസമെടുത്താണ് ക്രൈം ബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്. മോൻസൺ താമസിച്ചിരുന്ന വീടുകളിൽ നിന്ന് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം. മോൻസണിന്റെ തിരുമ്മൽ കേന്ദ്രത്തിലും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. മോൻസണിന്റെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. മൊഴി പ്രകാരം മോൻസണിന്റെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.

2019 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിക്ക് അന്ന് 17 വയസായിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. മോൻസണെ ഭയന്നിട്ടാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരുന്നു. നിലവിൽ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ക്രൈം ബ്രാഞ്ചാണ് മോൻസണെതിരായ കേസുകൾ അന്വേഷിക്കുന്നത്. പോക്‌സോ കേസും ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പുരാവസ്തു തട്ടിപ്പ് കേസിൽ ആലപ്പുഴ സ്വദേശിയായ മോൻസൺ പിടിയിലാകുന്നത്.