കൊച്ചി: മോൻസൻ മാവുങ്കൽ 2020 ൽ എറണാകുളം പ്രസ്‌ക്ലബിന് കൊടുത്തത് പത്തുലക്ഷം. അതിൽ 2 ലക്ഷം സഹിൻ ആന്റണി കമ്മീഷനായി എടുത്തു. ബാക്കി 8 ലക്ഷത്തിന് ക്ലബിൽ കണക്കുമില്ല. മോൻസന്റെയും സഹിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ക്ലബ് സെകട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.-ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിന്റെ ട്വീറ്റാണ് ഇത്. പത്രപ്രവർത്തക യൂണിയൻ സെക്രട്ടറിയായ ടിപി പ്രശാന്തിന്റെ പരാതിയാണ് ഈ ട്വീറ്റിന് ആധമാരമെന്നാണ് വിലയിരുത്തൽ. സഹിൻ ആന്റണിയെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ അഭ്യൂഹം.

എന്നാൽ തന്നെ ക്രൈംബ്രാഞ്ചിൽ നിന്ന് വിളിച്ച് വിവരശേഖരണം നേരത്തെ തന്നെ നടത്തിയെന്ന് എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ശശികാന്തും പറയുന്നു. അതിനിടെ മുട്ടിൽ മരം മുറിയിൽ ദീപക് ധർമ്മടത്തിനെതിരെ നിലപാട് എടുത്ത ശശികാന്തിനേതിരെ മാവുങ്കൽ കേസ് ആരോപണം ഉയർത്താനാണ് 'ധർമ്മടം' ക്യാമ്പിന്റെ തീരുമാനം. ഇതോടെ പത്രപ്രവർത്തക യൂണിയനിലെ പോര് പുതിയ തലത്തിലേക്ക് എത്തുകയാണ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഇലക്ഷനും ഈ വിഷയവും എല്ലാം ചേർന്ന് വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ് കേരളത്തിലെ പത്ര പ്രവർത്തകർ.

ഏതായാലും മാവുങ്കൽ വിഷയവും കേരളാ പത്രപ്രവർത്തക യൂണിയന് ചർച്ച ചെയ്യേണ്ടി വരും. സംസ്ഥാന സെക്രട്ടറി കൂടിയായ ടിപി പ്രശാന്ത് നൽകിയ പരാതിയിൽ ഗുരുതര ആരോപണമാണുള്ളത്. ഉത്തരവാദികളായവർക്കെതിരെ ഇമ്മീഡിയറ്റ് ഇഫക്ടോടെ സംഘടനയിൽ നിന്നും പുറത്തു നിർത്തുകയാണ് ചെയ്യേണ്ട പ്രാഥമിക പോംവഴി. അതിന് നേരത്തെ ദീപക് ധർമടത്തിന്റെ പേര് കോൾലിസ്റ്റിൽ വന്നതു പറഞ്ഞ് അയാളെ സസ്പെന്റു ചെയ്തു. അതിന് പരാതി കൊടുത്ത ആൾ തന്നെ അതിനെക്കാളും പതിന്മടങ്ങ് കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് പ്രശാന്ത് ആരോപിക്കുന്നു.

വൻ അഴിമതിയാണ് ഏറണാകുളം പ്രസ്‌ക്ലബ്ബിന്റെതായി പുറം ലോകം കണ്ടിട്ടുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം എന്നാണ് പറയാനുള്ളതെന്ന് പ്രശാന്ത് പറയുന്നു. 

പ്രശാന്ത് പത്രപ്രവർത്തക യൂണിയന് നൽകിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കത്ത് ചുവടെ

പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, കൺവീനർ അച്ചടക്കസമിതി

ബഹുമാന്യ സഖാക്കളേ...

വളരെയധികം അശുഭകരമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ശരിയായ ഇടപെടലും നടപടിയും ഇല്ലെങ്കിൽ നാണക്കേട് സംഭവിക്കാൻ പോകുന്നത് സംഘടനയ്ക്കാകെയാണ്. ഏറണാകുളം പ്രസ്‌ക്ലബ്ബിന്റെ 2020-ലെ കുടുംബമേള സ്പോൺസർ ചെയ്തത് വിവാദ തട്ടിപ്പുകാരൻ മോൻസൺ ആണെന്ന് വ്യക്തമായപ്പോൾ തന്നെ ചില നടപടികൾ തുടങ്ങേണ്ടതായിരുന്നു. കാരണം 2020-ലെ കുടുംബ മേള നടത്തിയതിന്റെ ഒരു സാമ്പത്തികച്ചെലവ് രേഖയും പ്രസ്‌ക്ലബ്ബിന്റെ ഓഡിറ്റ് ചെയ്ത കണക്കിൽ ഇല്ല. ആര് ധനസഹായം ചെയ്താലും ശരി എത്ര രൂപയാണ് തന്നതെന്നും വരവുചെലവുകൾ എത്രയെന്നും പ്രസ്‌ക്ലബ്ബിന്റെ വരവു ചെലവുകണക്കിൽ ഉൾക്കൊള്ളിക്കുക എന്നത് മസ്റ്റ് ആണ്.

ഇത് പാലിച്ചില്ല. അതായത് എത്ര വാങ്ങിയെന്നോ എത്ര ചെലവാക്കിയെന്നോ കണക്കില്ല. എന്തു കൊണ്ടാണ് ഇക്കാര്യം ചർച്ച ചെയ്യാതിരുന്നത്. എന്നിട്ടിപ്പോൾ വ്യാജബില്ല് ഉണ്ടാക്കി വച്ചാൽ പ്രശ്നം തീരുമെന്ന് പറയുമ്പോൾ അത് അവിടെ തീരില്ല എന്നതിന് തെളിവ് പുറത്തു വന്നുകൊണ്ടിരിക്കയാണ്. പത്ത് ലക്ഷം രൂപ മോൻസന്റെ കയ്യിൽ നിന്നും ഏറണാകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറി കൈപ്പറ്റിയെന്ന് രേഖ സഹിതം, മോൻസന്റെ മൊഴി സഹിതം സംസ്ഥാന ക്രൈംബ്രാഞ്ച് കണ്ടെത്തി സെക്രട്ടറിയെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കയാണ്. മാത്രമല്ല അറിയുന്ന ഒരു കാര്യം സെക്രട്ടറി ഈ പണം മറ്റു ചിലർക്കും പങ്കുവെച്ചിട്ടുണ്ട് എന്നാണ്.

24 ന്യൂസിന്റെ പ്രതിനിധി ക്രൈംബ്രാഞ്ചിന് കൊടുത്ത മൊഴിയിൽ പത്ത് ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷം തനിക്ക് തന്നതായി പറയുന്നുണ്ടെന്നാണ്. ഈ പങ്കിട്ടെടുക്കൽ പ്രസ് ക്ലബ്ബിന്റെ കുടുംബമേളയുടെ പേരിലാണ് നടത്തിയിരിക്കുന്നത്. ക്ലബ്ബിന്റെ രേഖയിൽ ഒരു കണക്കും കാണിക്കാതെ നടത്തിയ ഈ വെട്ടിപ്പ് ചരിത്രത്തിലെ തന്നെ വലിയ തട്ടിപ്പാണ്. വെറുക്കപ്പെട്ടവരിൽ നിന്നും പണം വാങ്ങി പരിപാടി നടത്തുന്നതിനെ ന്യായീകരിച്ച് പലരും നേരത്തെ പറഞ്ഞതായി കണ്ടിരുന്നു. എന്നാൽ പ്രസ് ക്ലബ്ബിൽ ഒരു ചില്ലിക്കാശിന്റെ പോലും വരവും ചെലവും കാണിക്കാതെ നടത്തിയ ഈ എമണ്ടൻ വെട്ടിപ്പിനെ ഏത് തരത്തിലാണ് ന്യായീകരിക്കാൻ പോകുന്നത്..

ഇത്രയും പ്രധാനപ്പെട്ട ജില്ലയിലെ പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിയെ പണാപഹരണക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു എന്നതും പ്രസ് ക്ലബ്ബിന്റെ അക്കൗണ്ടിലേക്ക് വാങ്ങാതെ ലക്ഷക്കണക്കിന് രൂപ ഒരു തട്ടിപ്പുകാരന്റെ കയ്യിൽ നിന്നും വ്യക്തിപരമായി കൈപ്പറ്റി പങ്കിട്ടു എന്ന മൊഴിയും ഈ സംഘടനയുടെ സാമ്പത്തിക ഇടപാടുകളെ ഇരുട്ടിൽ നിർത്തിയിരിക്കുന്നു. ഉത്തരവാദികളായവർക്കെതിരെ ഇമ്മീഡിയറ്റ് ഇഫക്ടോടെ സംഘടനയിൽ നിന്നും പുറത്തു നിർത്തുകയാണ് ചെയ്യേണ്ട പ്രാഥമിക പോംവഴി. അതിന് നേരത്തെ ദീപക് ധർമടത്തിന്റെ പേര് കോൾലിസ്റ്റിൽ വന്നതു പറഞ്ഞ് അയാളെ സസ്പെന്റു ചെയ്തു. അതിന് പരാതി കൊടുത്ത ആൾ തന്നെ അതിനെക്കാളും പതിന്മടങ്ങ് കുറ്റമാണ് ചെയ്തിരിക്കുന്നത്.

വൻ അഴിമതിയാണ് ഏറണാകുളം പ്രസ്‌ക്ലബ്ബിന്റെതായി പുറം ലോകം കണ്ടിട്ടുള്ളത്. അതിനാൽ എത്രയും പെട്ടെന്ന് ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം എന്നാണ് പറയാനുള്ളത്. പൊലീസ് ചോദ്യം ചെയ്യുന്നതിനേക്കാൾ പണം പങ്കിട്ട മൊഴിയും ക്ലബ്ബിന്റെ കണക്കിൽ പെടുത്താതെ പണം സ്വന്തമാക്കിയെന്ന കാര്യവും വെച്ച് കർക്കശനടപടി തന്നെ എടുക്കാൻ വൈകരുത്. ഇത്തരം പ്രവണതയ്ക്കെതിരെ സന്ധിയില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ ഉള്ള മാനവും പോകും. അതിനാൽ എത്രയും പെട്ടെന്ന് നേതൃത്വം തീരുമാനം പ്രഖ്യാപക്കണമെന്ന് ആവശ്യപ്പെടുന്നു.