കടയ്ക്കൽ: പ്രതിഷേധത്തിന്റെ വേറിട്ട വഴികളിലൂടെ ശ്രദ്ധേയനായ കൊല്ലം കടയ്ക്കൽ കുമ്മിൾ മുക്കുന്നം ആർ.എം.എസ് തട്ടുകട ഉടമ പുതുക്കോട് റുക്‌സാന മൻസിലിൽ യഹിയ (80) നിര്യാതനായി. നോട്ട് നിരോധനത്തെ തുടർന്ന് ജീവിതം വഴിമുട്ടിയതിൽ പ്രതിഷേധിച്ച് തന്റെ സമ്പാദ്യമായി ഉണ്ടായിരുന്ന നോട്ടുകൾ ചായക്കടയിലെ അടുപ്പിലിട്ട് കത്തിച്ച് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് നാട്ടുകാർ സ്‌നേഹത്തോടെ 'മാക്‌സി മാമ' എന്ന് വിളിക്കുന്ന യഹിയ.

23,000 രൂപയുടെ നോട്ടുകൾ കത്തിക്കുക മാത്രമല്ല, പകുതി മീശയും മുടിയുടെ പകുതിയും വടിച്ചുകളഞ്ഞും യഹിയ പ്രതിഷേധിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാറിന്റെ പതനം കണ്ടിട്ടേ പാതി മീശയും പാതി മുടിയും വളർത്തുകയുള്ളൂ എന്ന് ശപഥം ചെയ്തിരുന്ന യഹിയയുടെ പ്രതിഷേധങ്ങൾക്ക് അന്തർദേശീയ തലത്തിൽ തന്നെ വാർത്താപ്രാധാന്യം ലഭിച്ചിരുന്നു.

വസ്ത്രധാരണത്തിലെ പ്രത്യേകത കൊണ്ടുതന്നെ യഹിയ ആദ്യമായി കാണുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്ത്രീകൾ ധരിക്കുന്ന തരം മാക്സിയായിരുന്നു സ്ഥിരം വേഷം. ആ വേഷത്തിലേക്കെത്തിയതിന് പിന്നിലും ഒരു 'സമര'കഥയുണ്ട്. ഗൾഫിൽ ഏറെക്കാലം 'ആടുജീവിതം' നയിച്ച ശേഷമാണ് നാട്ടിൽ തിരിച്ചെത്തി ഉള്ള സമ്പാദ്യം കൊണ്ട് യഹിയ ചായക്കട തുടങ്ങിയത്. അങ്ങനെ കട നടത്തിക്കൊണ്ടിരിക്കേ പൊലീസുകാരുമായി ഒരു തർക്കമുണ്ടായി. സ്ഥലം എസ്‌ഐയുടെ മുന്നിൽ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചില്ലെന്ന കാരണത്താലായിരുന്നു തർക്കം. തർക്കത്തിനിടെ പൊലീസുകാരിലൊരാൾ കരണത്ത് അടിച്ചു. അതിലുള്ള പ്രതിഷേധത്താൽ മടക്കിക്കുത്ത് അഴിക്കേണ്ടാത്ത ഒരു വസ്ത്രം എന്ന നിലയിൽ മാക്സി സ്ഥിരം വേഷം ആക്കുകയായിരുന്നു.

സ്ത്രീകളുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാർ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തിൽ നിന്നും മാറാൻ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രയ്ക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന സമരമായി അത് മാറി.

ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക് എല്ലാവർക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കൻ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കൻകറിക്ക് ഒരു ചിക്കൻകറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ നാട്ടുകാർ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിച്ചിരുന്നത്.

മാസങ്ങളായി രോഗശയ്യയിലായിരുന്നു യഹിയ. യഹിയയുടെ ജീവിതം ആസ്പദമാക്കി അദ്ധ്യാപകനും മാധ്യമപ്രവർത്തകനുമായ സനു കുമ്മിൾ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരന്റെ മൻകി ബാത്' എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പരേതയായ സുഹ്‌റാ ബീവിയാണ് യഹിയയുടെ ഭാര്യ. മക്കൾ: സബീന, സീന. മരുമക്കൾ: സലീം, സദീർ.