ചെന്നൈ: മുംബൈക്കെതിരെ 14ാം സീസണിലെ ആദ്യ മത്സരത്തിൽ 100 മീറ്റർ പറന്ന സിക്സാണ് ബാംഗ്ലൂർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ് വെല്ലിന്റെ ബാറ്റിൽ നിന്ന് വന്നത്. 1079 ദിവസത്തിന് ശേഷം മാക്സ്വെല്ലിന്റെ ബാറ്റിൽ നിന്ന് ഐപിഎല്ലിൽ വന്ന ആദ്യ സിക്സാണ് അത്.

2020ലെ ഐപിഎൽ സീസണിൽ 13 കളിയിൽ നിന്ന് ഒരു സിക്സ് പോലും പറത്താൻ മാക്സ്വെല്ലിന് കഴിഞ്ഞില്ല. ഇതോടെ 10 കോടി രൂപയുടെ ചിയർ ലീഡർ എന്ന് വിശേഷിപ്പിച്ച് പരിഹാസവുമായി വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ളവർ മാക്സ് വെല്ലിനെതിരെ എത്തിയിരുന്നു.

മുംബൈക്കെതിരെ ബാംഗ്ലൂർ ഇന്നിങ്സിന്റെ 11ാം ഓവറിൽ ക്രുനാൽ പാണ്ഡ്യയുടെ ഡെലിവറിയിലാണ് ഐപിഎൽ 14ാം സീസണിലെ തന്റെ ആദ്യ സിക്സ് മാക്സ് വെല്ലിന്റെ ബാറ്റിൽ നിന്ന് വന്നത്. ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്ക്ക് മുകളിലേക്കാണ് പന്ത് വന്ന് വീണത്. മാക്സ് വെല്ലിന്റെ പവർ ഷോട്ട് കണ്ട അത്ഭുതം കോഹ് ലിയുടെ മുഖത്തും പ്രകടമായി.

സിക്സ് പറത്താൻ സാധിക്കാതിരുന്നത് ബാധ്യത പോലെ തോന്നിയിരുന്നു എന്നാണ് മാക്സ് വെൽ പറയുന്നത്. നല്ല തുടക്കം ലഭിച്ചത് സന്തോഷിപ്പിക്കുന്നു. മറുവശത്ത് ക്യാപ്റ്റൻ നിന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായതായും മാക്സ് വെൽ പറഞ്ഞു. 28 പന്തിൽ നിന്ന് 39 റൺസ് നേടിയാണ് മാക്സ് വെൽ മടങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്സും ഇവിടെ മാക്സ്വെല്ലിന്റെ ബാറ്റിൽ നിന്ന് വന്നു.