കൊച്ചി: ലോക തൊഴിലാളി ദിനത്തിൽ ഓൺലൈൻ കരിദിന പ്രതിഷേധവുമായി ടൂറിസം മേഖലയിലെ ജീവനക്കാർ. കോവിഡ് മഹാമാരി ആഗോള സാമ്പത്തിക മേഖലയുടെ അടിത്തറയിളക്കിയ സാഹചര്യത്തിലാണ് ഇക്കുറി ലോകതൊഴിലാളി ദിനം ആചരിക്കുന്നത്.

കോവിഡ് ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച മേഖലകളിൽ ഒന്നാണ് ടൂറിസം. ലക്ഷക്കണക്കിന് ആളുകളാണ് ഈ രംഗത്ത് തൊഴിൽരഹിതരായി മാറിയിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് ടൂറിസം മേഖലയിലെ സംരംഭകരേയും ജീവനക്കാരേയും ഒരു പോലെയാണ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 14 മാസങ്ങളായി ടൂറിസം രംഗം കടുത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. 15 ലക്ഷത്തോളം വരുന്ന ജീവനക്കാരും സംരംഭകരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. ടൂറിസം മേഖലയിലെ നിരവധി സ്ഥാപനങ്ങൾ ഇതിനോടകം അടച്ചുപൂട്ടിക്കഴിഞ്ഞു. ഈ മേഖലയിലെ പല വാഹന ഉടമകളും നിലനിൽപ്പിനായി വാഹനങ്ങൾ കിട്ടിയ വിലയ്ക്ക് വിൽക്കുകയാണ്. ആലപ്പുഴയിലെ 1500 ലധികം വരുന്ന ഹൗസ് ബോട്ടുകളിൽ നൂറെണ്ണത്തിൽ താഴെ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.

ടൂറിസം സംരംഭങ്ങൾക്കായി വായ്പ എടുത്തവർ പലരും തിരിച്ചടക്കാൻ വഴിയില്ലാതെ നട്ടം തിരിയുകയാണ്. കേരളത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ടൂറിസം മേഖലയിലെ തൊഴിൽ നഷ്ടം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ടൂറിസം സംരക്ഷണ സമിതി രംഗത്ത് എത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ്‌ ഒന്നാം തീയതി കേരളത്തിലെ ടൂറിസം മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ജീവനക്കാർ സേവ് ടൂറിസം എന്ന് കറുത്ത ബാഡ്ജ് ധരിച്ച് ഓൺലൈനിലൂടെ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.