ന്യൂഡൽഹി: പ്രധാനമന്ത്രിയായി പോലും ഒരുകാലത്ത് ഉയർത്തിക്കാട്ടിയ നേതാവായിരുന്നു മായാവതി. യുപിയെ ഒറ്റയ്ക്ക് ഭരിച്ച ബി എസ് പിയുടെ നേതാവ്. എന്നാൽ ഇന്ന് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽനിന്ന് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ് ബി എസ് പി. കേരളത്തിലെ പഞ്ചായത്തിൽ ഭരണം പോലും നിശ്ചയിക്കാൻ കഴിവുള്ള രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ കാലം ബിഎസ്‌പിക്കുണ്ടായിരുന്നു. ഈ പ്രതാപകാലം തീരുകയാണ്.

അടുത്ത വർഷം യുപിയിൽ തെരഞ്ഞെടുപ്പാണ്. ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് മായാവതിയുടെ പരസ്യനിലപാട്. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ ബിഎസ്‌പിക്കു കഴിഞ്ഞില്ല. 2019ലാകട്ടെ സമാജ്വാദി പാർട്ടിയുടെ സഖ്യത്തിൽ മത്സരിച്ചതിനാൽ 10 ലോക്‌സഭാംഗങ്ങളെ പാർട്ടിക്കു കിട്ടി. പിന്നീട് സഖ്യം വേർപിരിഞ്ഞു. അതിന് ശേഷം ബിജെപി അനുകൂല നിലപാടാണ് മായാവതി സ്വീകരിച്ചിരുന്നതും. ഇതും അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം ശക്തമാക്കി പാർട്ടിയെ ശക്തിപ്പെടുത്താൻ മായാവതി ശ്രമിക്കുമ്പോഴും ഒന്നും എങ്ങും എത്തുന്നില്ല. കോവിഡിൽ പോലും യുപി സർക്കാരിന് വിമർശിക്കുന്നില്ല. നിശബ്ദയാണ് മായാവതി. ഇത് യോഗി ആദിത്യനാഥ് സർക്കാരിനുള്ള പിന്തുണ കൊടുക്കലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വരുന്നു. ദലിത്, മുസ്ലിം വോട്ടുകളാണ് ബിഎസ്‌പിയുടെ ശക്തി. ബിജെപിയ്‌ക്കെതിരെ മിണ്ടാതായതോടെ മുസ്ലിം വോട്ടുകൾ അഖിലേഷ് യാദവിന്റെ എസ് പി കൊണ്ടു പോയി എന്നും വിലയിരുത്തലുണ്ട്.

2007ൽ മായാവതി അധികാരത്തിലേറിയത് 403ൽ 206 സീറ്റുകളും 30.43% വോട്ടു വിഹിതവും നേടിയാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളേ മായാവതിക്ക് നേടാനായുള്ളൂ. ബിഎസ്‌പിയുടെ വോട്ടുവിഹിതം 25.91 ശതമാനമായി കുറഞ്ഞു. 2017 ആയപ്പോൾ വെറും 19 സീറ്റായി. വോട്ട് വിഹിതം 22.14 ശതമാനമായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും അതിദയനീയ പ്രകടനമാണ് ബിഎസ്‌പി നടത്തിയത്. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ ബി എസ് പിയുടെ പ്രസക്തി കുറഞ്ഞു.

ഹിന്ദു വിഭാഗത്തെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. 2017ൽ മായാവതിയുടെ വിജയത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ദലിത് ബ്രാഹ്മണ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലെ സ്ഥാനാർത്ഥി നിർണയം ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉയർത്തുന്ന ഹിന്ദുത്വ അജൻഡയിലാണ് മായാവാതിയുടേയും കണ്ണ്. എന്നാൽ ഈ വോട്ടുകൾ ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ദലിത് നേതാവായ ചന്ദ്രശേഖർ ആസാദ് ഭീം ആർമിയുമായി എത്തിയതും മായാവതിക്ക് തിരിച്ചടിയായി.

വളരെ വൈകിയാണെങ്കിലും മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയം ശരിയായ തീരുമാനമാണെന്ന് മായാവതി പ്രതികരിച്ചിരുന്നു. ട്വീറ്റിലുടെയാണവർ മോദിസർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തത്. ബി.എസ്‌പി തുടക്കം മുതലെ വാക്‌സിൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം വാക്‌സിൻ വിതരണം വേഗത്തിലാക്കുക എന്നതാണെന്നും മായാവതി പറഞ്ഞു.

കേന്ദ്രസർക്കാറിന്റെ വാക്‌സിൻ വിതരണ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഇടപെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നയം തിരുത്തിയത്. 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്നും. ഇതിനായി കേന്ദ്രസർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഈ തിരുത്തിലന്റെ ക്രെഡിറ്റ് മോദിക്ക് നൽകുകയായിരുന്നു മായാവതി ചെയ്തത്.

കാൻഷിറാമിന്റെ ശിഷ്യയായാണ് മായാവതി യുപി രാഷ്ട്രീയത്തിൽ എത്തിയത്. പാർലമെന്ററീ മോഹങ്ങളില്ലാതിരുന്ന കാൻഷിറാം മായവതിയെയാണ് ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പുകളെ നേരിട്ടത്. ബഹൻജിയെന്ന വിശേഷണവുമായി യുപിയിൽ മുഖ്യമന്ത്രി പദത്തിലുമെത്തി. പിന്നീടാണ് വീഴ്ച.