തിരുവനന്തപുരം: തന്റെ സുഹൃത്തിനെ ചാലക്കുടി മുരിങ്ങൂർ സ്വദേശി ജോൺസൺ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്ന ഒളിമ്പ്യൻ മയൂഖ ജോണിയുടെ ആരോപണത്തിന് മറുപടിയുമായി ജോൺസന്റ് സുഹൃത്തുക്കൾ ഇന്ന് രംഗത്തെത്തിയിരുന്നു. പരാതി വ്യാജമെന്നാണ് അവർ ആരോപിച്ചത്. ഇതിന് മയൂഖ ജോണിയും മറുപടി നൽകി.

സിയോൺ സഭയിലെ തർക്കമാണ് വ്യാജ പീഡനക്കേസിന് പിന്നിലെന്ന മയൂഖ തള്ളി. സഭാ തർക്കത്തിന്റെ പേരിൽ ഒരു പെണ്ണും തെറ്റായ പരാതി ഉന്നയിക്കില്ലെന്നും മയൂഖ പറഞ്ഞു.ജോൺസണെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് ഇയാളുടെ സുഹൃത്തുക്കൾ വാർത്താ സമ്മേളനം നടത്തിയാണ് ആരോപിച്ചത്. ഇത് ജോൺസന്റെ ഉന്നത സ്വാധീനമാണ് തെളിയിക്കുന്നതെന്നും മയൂഖ തിരിച്ചടിച്ചു.

വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ പ്രതിക്ക് വേണ്ടി ഇടപെട്ടു എന്നത് വസ്തുതാവിരുദ്ധമാണെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു. ഇതിനെ പൂർണ്ണമായും നിഷേധിച്ച മയൂഖ തന്റെ ആരോപണങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി.

മയൂഖയുടെ ആരോപണനം വ്യാജമെന്ന് ജോൺസന്റ് സുഹൃത്തുക്കൾ

ആരോപണത്തിനു പിന്നിൽ സിയോൺ സഭയിലെ തർക്കം ആണെന്നാണ് ജോൺസന്റെ സുഹൃത്തുക്കൾ വിശദീകരിക്കുന്നത്. ഇരിങ്ങാലക്കുട മൂരിയാട് ആസ്ഥാനമായുള്ള സഭയിൽനിന്നും പുറത്തു പോകുന്നവർക്കെതിരെ ഇത്തരത്തിൽ നിരവധി വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. മയൂഖ ജോണിയും പീഡനത്തിനിരയായി എന്നുപറയുന്ന യുവതിയും ബലിയാടുകൾ മാത്രമാണെന്ന് ജോൺസന്റെ സുഹൃത്തുക്കൾ ആരോപിച്ചു. സഭയ്ക്ക് പുറത്ത് പോകുന്നവരെ നിരന്തരം ഉപദ്രവിക്കുന്നതാണ് സിയോൺ സഭയുടെ രീതിയെന്ന് ഇവർ പറയുന്നു.

ഇതിനായി മയൂഖയേയും സുഹൃത്തിനെയും പ്രസ്ഥാനം ഉപയോഗിക്കുകയായിരുന്നുവെന്നും ജോൺസന്റെ സുഹൃത്തുക്കൾ പറഞ്ഞു. മയൂഖയുടെ സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരവും ബലാത്സംഗ ആരോപണത്തിന് പിന്നിലുണ്ടെന്ന് സഭയിലെ അംഗങ്ങൾ കൂടിയായിരുന്ന ജോൺസന്റെ സുഹൃത്തുക്കൾ പറഞ്ഞു.

ജോൺസൺ നിരപരാധിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ തങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്്.സഭ വിട്ടുപോന്ന രണ്ടായിരത്തോളം പേർക്കെതിരെ വ്യാജ പരാതികൾ ഉയർന്നെന്ന ഞെട്ടിപ്പിക്കുന്ന പരാതിയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. ഇതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് ഒളിമ്പ്യനായ മയൂഖ ജോണിയെ തന്നെ പ്രസ്ഥാനം രംഗത്തിറക്കിയത്. ജോൺസനെ രക്ഷിക്കുന്നതിന് വനിതാകമ്മീഷനെ സ്വാധീനിച്ചിട്ടില്ല എന്നും പ്രതിക്കുവേണ്ടി ഒരു മന്ത്രിയേയും ആരും സമീപിച്ചിട്ടില്ലെന്നും സഭയിലെ മുൻ അംഗമായ ബിജു ഫിലിപ്പ് വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.

ചാലക്കുടി മുരുങ്ങൂർ സ്വദേശി ജോൺസൺ ഇരയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്നായിരുന്നു മയൂഖയുടെ ആരോപണം. എസ്‌പി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു, എന്നാൽ മോശം അനുഭവമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്നു എംസി ജോസഫൈൻ പ്രതികൾക്കായി ഇടപ്പെട്ടുവെന്നും മയൂഖ വാർത്താ സമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു.