മുംബൈ: കഴിഞ്ഞ രണ്ട് ദിവസമായി മയൂർ ശഖറാം ഷെൽക്കെ എന്ന റെയിൽവേ ജീവനക്കാരനാണ് സാമൂഹ്യമാധ്യമങ്ങളിൽ താരം. റെയിൽവേ ട്രാക്കിൽ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിക്കുന്ന മയൂരിന്റെ വീഡിയോ ശ്വാസമടക്കിപ്പിടിച്ചാണ് ജനം കണ്ടത്. റെയിൽവെ പ്ലാറ്റ്‌ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകുന്നതിനിടെ കുട്ടി കാൽതെറ്റി ട്രാക്കിലേക്ക് വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്സ്‌പ്രസ് ട്രെയിൻ, അലമുറയിട്ട് കരയുന്ന അമ്മക്കു മുന്നിലേക്ക് ദൈവദൂതനെപ്പോലെ മയൂർ ഓടി വരുകയും ട്രെയിനിന്റെ ഏതാനും വാര അകലെ വച്ച് കുട്ടിയെ ട്രാക്കിൽ നിന്ന് കോരിയെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു.

എന്നാൽ ഇന്ന് വ്യത്യസ്തനായ മയൂർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്റെ ധീരകൃത്യത്തെ അഭിനന്ദിച്ച് റെയിൽവെ സമ്മാനിച്ച പാരിതോഷികമായ അരലക്ഷം രൂപയിൽ പകുതി തുക, ട്രാക്കിൽ വീണുപോയ ബാലനും അവന്റെ അന്ധയായ മാതാവിനും നൽകാനുള്ള മയൂരിന്റെ തീരുമാനമാണ് വീണ്ടും മാതൃക സൃഷ്ടിക്കുന്നത്. മയൂറിന്റെ വീഡിയോ കണ്ട് തൊഴുതുപോയ ജനങ്ങൾ ഈ നന്മയെയും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കുന്നത്.

റെയിൽവേ നൽകിയ തുകയുടെ പകുതി കുടുംബത്തിന് നൽകുമെന്ന് സാമൂഹ്യമാധ്യമത്തിലൂടെയാണ് മയൂർ പ്രഖ്യാപിച്ചിരിക്കുന്നത്. 'കോവിഡിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ സന്ദർഭത്തിൽ എനിക്ക് പണമായി സമ്മാനം തരാൻ ആഗ്രഹിക്കുന്നവർ ചെക്കായി നൽകിയാൽ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവർക്കും കൈമാറും' - മയൂർ കുറിക്കുന്നു.

മയൂറിന്റെ ധീരപ്രവർത്തിയിൽ നിരവധി പേരാണ് അഭിനന്ദനവും സമ്മാനവുമായി എത്തിയത്. റെയിൽവെ മന്ത്രി പീയുഷ് ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

താൻ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു മുപ്പതുകാരനായ മയൂറിന്റെ പ്രതികരണം. പുനെയ്ക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിലാണ് റെയിൽവെയിൽ പോയിന്റ്‌സ്മാനായി ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ എട്ട് മാസത്തോളമായി വംഗാനി സ്‌റ്റേഷനിലാണ് ജോലി ചെയ്യുന്നത്.