തിരൂരങ്ങാടി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് കേരള നിയമസഭ സ്പീക്കർ എംബി രാജേഷ്. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിങ്ങിന് തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മലബാർ കൗൺസിലിന്റേത് മാതൃകപരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.

മലബാർ കലാപം ഹിന്ദുവിരുദ്ധകലാപമായിരുന്നെങ്കിൽ ആർഎസ്എസ് ഏറ്റവും കൂടുതൽ വളർച്ച നേടുന്ന പ്രദേശമായി ഏറനാടും വള്ളുവനാടുമായി മാറിയിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച എംഎൽഎ കെടി ജലീൽ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെവി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 1921ലാണ് മലബാർ കലാപം നടന്നത്. 2021ൽ മലബാർ കലാപത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ്.