കോഴിക്കോട് : മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം തടഞ്ഞ നടപടിയെ വിമർശിച്ചും അപലപിച്ചും ഇതര രാഷ്ട്രീയ നേതാക്കൾ. ഇ.ടി. മുഹമ്മദ് ബഷീർ എംപി, രമ്യ ഹരിദാസ് എംപി, ടി. സിദ്ദീഖ് എംഎ‍ൽഎ, പി.വി അബ്ദുൽ വഹാബ് എംപി, മുൻ എംഎ‍ൽഎ വി.ടി. ബൽറാം തുടങ്ങി നിരവധി പേരാണ് ഫേസ്‌ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തിയത്.

വിഷയത്തിൽ പ്രതികരണവുമായി കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ഇന്ത്യയെ സ്നേഹിക്കുന്ന, ജനാധിപത്യം ഇഷ്ടപ്പെടുന്ന ജനത ഒന്നടങ്കം മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കേന്ദ്ര സർക്കാരിന്റെ മാധ്യമ വിരുദ്ധ നിലപാട് വീണ്ടും വെളിപ്പെടുത്തി മീഡിയ വൺ ചാനലിന് വീണ്ടും വിലക്ക്. പ്രത്യേകിച്ചു ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്നങ്ങൾ എന്നു മാത്രം പറഞ്ഞാണ് വിലക്ക്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

അതിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമ വേട്ടയ്ക്കുമെതിരെ ഇന്ത്യയെ സ്നേഹിക്കുന്ന, ജനാധിപത്യം ഇഷ്ടപ്പെടുന്ന ജനത ഒന്നടങ്കം അടരാടേണ്ടതുണ്ട്,' കെ.പി. റെജി എഴുതി.

ഇ.ടി. മുഹമ്മദ് ബഷീർ എംപി
മീഡിയ വൺ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്, ഇത് രണ്ടാം തവണയാണ് ചാനൽ ബാൻ ചെയ്യുന്നത്. എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണ് . എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണം.

പി.വി. അബ്ദുൽ വഹാബ് എംപി
വ്യക്തമായ ഒരു കാരണവുമില്ലാതെ മീഡിയ വൺ സംപ്രേഷണം തടയുന്ന കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റമാണിത്. മാധ്യമങ്ങളോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. എന്നാൽ അവയുടെ വായടയ്ക്കുന്നത് ഫാഷിസമാണ്. പത്രമാരണ നിയമം കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നേരിട്ട ബ്രിട്ടീഷുകാരുടെ രീതിയാണിത്. ഇത്തരം ഹീനമായ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധമുയരണം.

ടി.എൻ. പ്രതാപൻ എംപി
മീഡിയ വണ്ണിന്റെ പ്രക്ഷേപണം നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ നടപടി പ്രതിഷേധാർഹമാണ്. സുരക്ഷാ കാരണങ്ങളുടെ പേരിൽ നടപടിയെടുക്കുന്നു എന്നുമാത്രം പറഞ്ഞ് ചാനൽ ആവശ്യപ്പെട്ട വിശദീകരങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാതെ ഏകപക്ഷീയമായ ഒരു നടപടി ഒരു ഏകാധിപത്യ രാജ്യത്ത് മാത്രമേ നടക്കൂ. മുൻപും നേരുപറഞ്ഞതിന്റെ പേരിൽ ചാനൽ നിരോധിക്കപ്പെട്ടതും പിന്നീട് വീഴ്ച പറ്റിയതാണെന്ന് മന്ത്രി ക്ഷമാപണം നടത്തേണ്ടതായും വന്നതാണ്.
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിറകോട്ട് പോകുന്നു എന്ന വസ്തുതകൾ കാണുമ്പോൾ 'നാട്ടുകാരെ, അയ്യോ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാജ്യാന്തര ഗൂഢാലോചന നടക്കുന്നേ' എന്ന ഷിബു സ്റ്റൈൽ മുതലക്കണ്ണീർ നിർത്തി ഇത്തരം ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.
മീഡിയ വണ്ണിന്റെ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ. അനുരാഗ് താക്കൂറിനോട് ആവശ്യപ്പെടും.
രമ്യ ഹരിദാസ് എംപി
ജനാധിപത്യത്തിലെ ഫോർത്ത് എസ്റ്റേറ്റാണ് മാധ്യമങ്ങൾ. ഭരണകർത്താക്കൾ കർത്തവ്യം നിർവഹിക്കാതിരിക്കുമ്പോൾ ചൂണ്ടിക്കാണിക്കാനും അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദം പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാനും സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ ഒരുഭാഗത്ത് നീക്കം നടത്തുമ്പോൾ മുന്നറിയിപ്പ് പോലും നൽകാതെ,കാരണങ്ങൾ ബോധിപ്പിക്കാതെ ലക്ഷക്കണക്കിനാളുകൾ വീക്ഷിക്കുന്ന മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടസ്സപ്പെടുത്തി ലൈസൻസ് റദ്ദ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

ടി. സിദ്ദീഖ് എംഎ‍ൽഎ
രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം മീഡിയവൺ ചാനലിന്റെ സംപ്രേഷണം യാതൊരു കാരണവും ബോധിപ്പിക്കാതെ തടഞ്ഞിരിക്കുന്നു. പ്രതികരിക്കുകയും പ്രതിഷേധിക്കുയും ചെയ്യേണ്ട സാഹചര്യത്തിൽ മാറി നിൽക്കാൻ കഴിയില്ല. പ്രതികരിക്കുക... പ്രതിഷേധിക്കുക.

വി.ടി. ബൽറാം
മീഡിയവൺ ചാനൽ രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയർത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നിലനിൽക്കുന്ന ഒരു നാടെന്ന നിലയിൽ അത്തരം ഭരണകൂട ന്യായീകരണങ്ങൾ ജനങ്ങൾക്ക് ബോധ്യമാവുകയും വേണം.
മീഡിയവൺ മാനേജ്‌മെന്റിന്റെയും അതിലെ മാധ്യമ പ്രവർത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂർണ്ണമായ യോജിപ്പൊന്നും ഇല്ല. എന്നാലും ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ല. മീഡിയവണ്ണിനൊപ്പം, അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം.

സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേഷണം തടഞ്ഞതെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് പ്രമോദ് രാമൻ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. ഉത്തരവിനെതിര മീഡിയ വൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമൻ വിശദീകരിച്ചിരുന്നു.

നേരത്തെയും മീഡിയ വണ്ണിന് സംപ്രേഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ നേരത്തേക്കായിരുന്നു സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. 2020 മാർച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് ഉത്തരവിറക്കിയിരുന്നത്.