തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിൽ സർക്കാരുമായി സ്വാശ്രയ മാനേജ്മെന്റുകൾ വീണ്ടും തർക്കത്തിന്. ഒഴിവുവരുന്ന എൻ.ആർ.ഐ. സീറ്റുകൾ മെറിറ്റ് സീറ്റുകളായി വിട്ടുനൽകാനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട് വിവാദമാകും.എൻ.ആർ.ഐ. സീറ്റിന്റെ കാര്യത്തിലും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റുകൾ.

എല്ലാ കോളേജുകളുകളിലും 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20 ലക്ഷമാണ് വാർഷികഫീസ് നിശ്ചയിച്ചിട്ടുള്ളത്. അലോട്മെന്റുകൾ എല്ലാം പൂർത്തിയാക്കിയിട്ടും വിവിധ കോളേജുകളിലായി അറുപതോളം എൻ.ആർ.ഐ. സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഒഴിവുവന്ന സീറ്റുകളിലേക്ക് മോപ് അപ് കൗൺസിലിങ്ങും പിന്നീട് സ്ട്രേ വേക്കൻസി ഫില്ലിങ് എന്ന പേരിൽ ഒരുതവണകൂടി അവസരം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും സീറ്റുകൾ മാത്രമാണ് ഇത്തരത്തിൽ നികത്താനായത്.

ഇതോടെ രണ്ടാം തവണയും സ്ട്രേ വേക്കൻസി ഫില്ലിങ്ങിനായി വിജ്ഞാപനം നടത്തി. ഇതനുസരിച്ച് ജനുവരി ഒന്നിനകം കോളേജുകളിൽ ചേരാനാണ് യോഗ്യരായ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജനുവരി ഒന്നിനുശേഷം സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽ അത് എൻ.ആർ.ഐയിൽനിന്നുമാറ്റി മെറിറ്റ് സീറ്റുകളാക്കുമെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റുകൾ പറയുന്നു.

അഖിലേന്ത്യാതലത്തിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് ജനുവരി 15 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ ഒഴിവുള്ള സീറ്റുകൾ നികത്താൻ കൂടുതൽ സമയം വേണമെന്നാണ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. അതേസമയം മുൻവർഷങ്ങളിൽ മോപ് അപ് കൗൺസലിങ്ങിനുശേഷം ഒഴിവുവരുന്ന സീറ്റുകൾ അപ്പോൾത്തന്നെ മെറിറ്റിലേക്ക് മാറ്റുകയാണ് ചെയ്തിരുന്നതെന്നും ഇക്കുറി അധികസമയം നൽകിയിട്ടുണ്ടെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.