ന്യൂഡൽഹി: കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കുറയ്ക്കണമെന്ന കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. ഓക്‌സിജൻ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

കോവിഡ് ബാധ മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ഓക്‌സിജന്റെ ആവശ്യകത കൂടിവരികയാണ്. ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് പല ആശുപത്രികളിലും രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. ഓക്‌സിജൻ വെറുതെ കളയുന്നില്ലെന്നു ഉറപ്പു വരുത്തണമെന്നും മെഡിക്കൽ ഓക്‌സിജൻ ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ കൺട്രോൾ റൂമിനു രൂപം നൽകണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.