തിരുവനന്തപുരം: അന്തരിച്ച കെആർ ഗൗരിയമ്മയ്ക്കും കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്ക്കും സ്മാരകം നിർമ്മിക്കാൻ രണ്ട് കോടി വകയിരുത്തിയുള്ള ബജറ്റ് പ്രഖ്യാപനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

രാഷ്ട്രീയ ജീവിത്തിന്റെ ഭൂരിഭാഗം കാലയളവിലും ഇടതുമുന്നണിയും പ്രത്യേകിച്ച് സിപിഎമ്മും അഴിമതി ആരോപണത്തിന്റെ മുൾമുനയിൽ നിർത്തിയ ആർ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം നിർമ്മിക്കാനുള്ള പ്രഖ്യാപനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശന വിധേയമാകുന്നത്.

വീരപ്പൻ മരിക്കും മുൻപ് എൽഡിഎഫിന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. രണ്ട് കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവിൽ നിന്ന് പോയേനെ. ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാർ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കൾ ന്യായീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളത്‌കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ? എന്നാണ് വിഷയത്തിൽ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ ഫേസ്‌ബുക്കിൽ ഉന്നയിച്ചത്.

ഈ ന്യായീകരണത്തൊഴിലാളികൾക്കിത് എന്നാ പറ്റി. ഇരുമ്പ് വിഴുങ്ങിയ പിള്ളയ്ക്ക് രണ്ട് കോടിയുടെ സ്മാരകം പണിയുന്നതിനെ ചൊറിഞ്ഞിട്ടും ആരും ചീത്തവിളിക്കുന്നില്ല. പിളേളച്ച സ്മാരകത്തെ ന്യായീകരിക്കാൻ ഒരു നാസർ മൂസ മാത്രം. എന്തൊരു കഷ്ടമാണ് എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ കെ എ ഷാജി പരിഹസിച്ചു.

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഷ്ടിച്ച അന്തരിച്ച കുഞ്ഞനന്തനും ഒരു സ്മാരകം വേണം. രണ്ട് കോടി തന്നെയായിക്കോട്ടെ എന്നും ഫേസ്‌ബുക്കിൽ കുറിച്ചു.

വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

ബാലകൃഷ്ണ പിള്ളയുടെ സ്മാരകത്തിന് രണ്ട് കോടി... ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത് ആർ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയുവാൻ തക്ക സംഭാവനകളില്ലാത്തയാളാണെന്നോ, ഈ ബജറ്റിൽ ചർച്ച ചെയ്യേണ്ടുന്ന പ്രധാന വിഷയം അതാണെന്നോ അല്ല.

എന്റെ പോയിന്റ് ഇതാണ്, സിപിഎമ്മിന്റെ പൊളിട്ടിക്കൽ കറക്ടനസ് ഇത്രയുമേയൊള്ളു. തങ്ങളുടെ പക്ഷത്തല്ലാത്ത ആരെയും അവർ എതിർക്കുമെന്ന് മാത്രമല്ല, അവരെ ഏറ്റവും ക്രൂരമായി വേട്ടയാടുക തന്നെ ചെയ്യും.

കെ എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭ ഹാൾ തല്ലിപ്പൊളിച്ച ശ്രീരാമകൃഷ്ണൻ കെ എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതു പോലെയൊരു വൈരുദ്ധ്യമാണ്. വെറുതെയല്ലവരെ 'വൈരുദ്ധ്യാത്മിക' വാദികളെന്ന് പറയുന്നത്, പറഞ്ഞതിന് വിരുദ്ധമായി പ്രവർത്തിക്കും! എന്ന് രാഹുൽ മാങ്കുട്ടത്തിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കെ.ആർ ഗൗരിയമ്മ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം കാരണമാണ്, തെക്കൻതിരുവിതാംകൂറിലെ ഏറ്റവും വലിയ ജന്മിയായ കീഴൂട്ട് രാമൻപിള്ളയുടെ മകൻ ബാലകൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാർട്ടി വിട്ടത് എന്ന് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചവർക്ക് അറിയാം. അതെന്തായാലും ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകങ്ങൾ പണിയാൻ രണ്ട് കോടി രൂപ വീതം തുല്യമായി അനുവദിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗവൺമെന്റ് മാതൃകയായിട്ടുണ്ടെന്ന വിമർശനവും ഉയർന്നു.

കെ ആർ ഗൗരിയേയും ബാലകൃഷ്ണ പിള്ളയെയും ഒരേ നുകത്തിൽ കെട്ടിയ മാർക്‌സിസ്റ്റ് ബുദ്ധി! ഇവരുടെ പിറകെയാണല്ലോ ഈ 'ബുദ്ധിജീവികളൊക്കെ' നാണമില്ലാതെ നടക്കുന്നത്! എന്ന പരിഹാസമാണ് ഫേസ്‌ബുക്കിൽ കുറിക്കപ്പെട്ടത്.

1982 - 87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീംകോടതി ആർ ബാലകൃഷ്ണപിള്ളയെ ഒരുവർഷം തടവിന് ശിക്ഷിച്ചിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രി കൂടിയായി ഇതോടെ പിള്ള. എന്നാൽ കാലാവധി പൂർത്തിയാകുംമുൻപ് കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ജയിൽമോചിതനായി. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എംഎൽഎയും അദ്ദേഹമാണ്.

രാഷ്ട്രീയ ജീവിതത്തിൽ യുഡിഎഫിന്റെ ഭാഗമായിരിക്കെ അഴിമതി ആരോപണം നേരിടുകയും കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത ആർ ബാലകൃഷ്ണപിള്ള എൽഡിഎഫിൽ ഘടകകക്ഷി നേതാവായി എത്തിയപ്പോൾ വലിയ പരിഗണനയാണ് ലഭിച്ചത്. മാത്രമല്ല, അക്കാലമത്രയും ഉയർത്തിയ ആരോപണങ്ങളെ ന്യായികരിക്കുന്ന നിലപാടുകളാണ് മുന്നണി നേതൃത്വത്തിന്റെയടക്കം ഭാഗത്തുനിന്നും ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് സ്മാരക നിർമ്മാണം വിവാദമായിരിക്കുന്ന്ത്.