ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത 'മേപ്പടിയാന്റെ' ട്രെയ്‌ലർ പുറത്തെത്തി. ആക്ഷൻ പരിവേഷമുള്ള കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദൻ മുൻപ് കൂടുതൽ അവതരിപ്പിച്ചിട്ടുള്ളതെങ്കിൽ ഈ ചിത്രവും കഥാപാത്രവും ആ ശ്രേണിയിൽ വരുന്നതല്ല. കുടുംബചിത്രമാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രവുമാണിത്.

മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദൻ നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ജയകൃഷ്ണൻ എന്ന നായക കഥാപാത്രത്തിനുവേണ്ടി ശരീരഭാരം കൂട്ടി മേക്കോവർ നടത്തിയിരുന്നു ഉണ്ണി. അഞ്ജു കുര്യൻ ആണ് നായിക. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കർ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ, അപർണ്ണ ജനാർദ്ദനൻ, ജോർഡി പൂഞ്ഞാർ, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, പൗളി വിൽസൺ, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീൽ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി ഷൈജു. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തും. ഗുഡ്‌വിൽ എന്റർടെയ്ന്മെന്റ്‌സ് ആണ് വിതരണം.