ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരികോം പ്രീക്വാർട്ടറിൽ കടന്നു. ഒന്നാം റൗണ്ട് മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.ആധികാരികമായിരുന്നു താരത്തിന്റെ വിജയം.വനിതകളുടെ 48-51 കിലോഗ്രാം ഫ്‌ളൈവെയ്റ്റിൽ മത്സരിക്കുന്ന മേരി കോം, ആദ്യ റൗണ്ടിൽ തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിലെത്തി. മിഗ്വേലിന ഹെർണാണ്ടസ് ഗാർഷ്യയെ 4-1നാണ് മേരി കോം തോൽപ്പിച്ചത്. ആറുതവണ ലോകചാമ്പ്യനായ ഇന്ത്യയുടെ മേരി കോമിൽ നിന്ന് ബോക്‌സിങ്ങിൽ മെഡലിൽ കുറഞ്ഞതൊന്നും രാജ്യം പ്രതീക്ഷിക്കുന്നുമില്ല.ബോക്‌സിങ്ങ് റിങ്ങിൽ ഇത്തവണ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണ് മേരി കോമിന്റെത്.

വനിതാ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം മണിക ബത്ര മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ യുക്രൈനിന്റെ മാർഗരെറ്റ പെസോറ്റ്സ്‌കയെയാണ് ബത്ര കീഴടക്കിയത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ട ശേഷം പൂർവാധികം ശക്തിയോടെ തിരിച്ചടിച്ചാണ് ബത്ര മത്സരം സ്വന്തമാക്കിയത്.

ലോക റാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള പെസോറ്റ്സ്‌കയ്ക്കെതിരേ ആധികാരികമായി തന്നെയാണ് ബത്ര വിജയം നേടിയത്. മൂന്നിനെതിരേ നാലു സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്‌കോർ: 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7.ഏഴുസെറ്റ് വരെ മത്സരം നീണ്ടു.

ആദ്യ രണ്ട് സെറ്റുകളിലും ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച ഇന്ത്യൻ താരം എതിരാളിയുടെ ബലഹീനത കണ്ടെത്തി മൂന്നാം സെറ്റിലും നാലാം സെറ്റിലും വിജയിച്ചു. അഞ്ചാം സെറ്റിൽ പെസോറ്റ്സ്‌ക തിരിച്ചടിച്ചെങ്കിലും നിർണായകമായ ആറാമത്തെയും ഏഴാമത്തെയും സെറ്റുകൾ സ്വന്തമാക്കി ബത്ര മൂന്നാം റൗണ്ടിലേക്ക് കടന്നു.