കൊച്ചി: കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറത്തെ കാഴ്‌ച്ചകൾ കാണുമ്പോൾ ഇരുപത്തി ഏഴു വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഷൈമോളുട മുഖത്ത് നിറയെ പുഞ്ചിരിയായിരുന്നു. അകക്കണ്ണിന്റെ കാഴ്ചയാണ് നാല് വയസ്സുകാരനായ ടിപ്പുവിന് ഉള്ളത്. മെട്രോയുടെ ചില്ലു ജാലകത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് ഏറെ നേരം അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

ഡൗൺ സിൻഡ്രോം ബാധിതരായ ഇരട്ട സഹോദരന്മാർ അസദും അർഷദും പരസ്പരം കൈകോർത്തു പിടിച്ചായിരുന്നു ഇരുന്നിരുന്നത്. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെട്രോ യാത്രയിലെ കാഴ്ചകളായിരുന്നു ഇതൊക്ക. പാട്ടും കഥയുമായി ആലുവയിൽ നിന്നും എം ജി റോഡ് സ്റ്റേഷൻ വരെ ആയിരുന്നു യാത്ര.

കൊച്ചി മെട്രോയുമായി സഹകരിച്ചായിരുന്നു യാത്ര സംഘടിപ്പിച്ചത്. അഗതികൾക്ക് സൗജന്യ യാത്രയാണ് മെട്രോ ഒരുക്കിയത്. മാനസിക പ്രയാസം അനുഭവിക്കുന്നവർ,
വീൽ ചെയറിൽ ജീവിക്കുന്നവർ, കിടപ്പുരോഗികൾ എന്നിവരുൾപ്പെടെ നൂറോളം പേരാണ് യാത്രയിൽ പങ്കെടുത്തത്. ജില്ലാ കളക്ടർ ജാഫർ മാലിക് ഐ എ എസ് യാത്രയിൽ പീസ് വാലിക്കൊപ്പം ചേർന്നു.

എല്ലാവർക്കും മധുര പലഹാരവുമായാണ് അദ്ദേഹം എത്തിയത്.ജീവിതം മുഴുവൻ ഒരു മുറിയിൽ ഒതുങ്ങിപോകുമായിരുന്നവർക്ക് പീസ് വാലി നൽകുന്ന അവസരങ്ങൾ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷം മുൻപ് സാഗര റാണി കപ്പലിൽ അഗതികളുമായി നടത്തിയ യാത്ര ഏറെ ശ്രേദ്ധേയമായിരുന്നു. യാത്രയിലെ അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാനായി സഞ്ചരിക്കുന്ന ആശുപത്രിയും മെട്രോക്ക് സമാന്തരമായി യാത്രയിൽ ചേർന്നു.

യാത്രക്ക് വേണ്ട സഹകരണങ്ങൾ ചെയ്ത കൊച്ചി മെട്രോക്കും ജില്ലാ ഭരണകൂടത്തിനും മൂൺ ലൈറ്റ് ട്രാവെൽസിനും നന്ദി പറഞ്ഞാണ് പിസ്സ് വാലി പ്രവർത്തകർ മടങ്ങിയത്.