തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഎം സൈന്താദ്ധികൻ പി ഗോവിന്ദ പിള്ളയുടെ മകനുമായ എംജി രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്താ വിഭാഗം മേധാവിയായി വീണ്ടും മടങ്ങിയത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരൻ കൂടിയായ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലെ ചുമതലകൾ ഉടൻ ഏറ്റെടുക്കും. മലയാളം ന്യൂസിന്റെ ചുമതല രാധാകൃഷ്ണനായിരിക്കുമെന്നാണ് സൂചന.

2021 ജൂലൈയിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ സ്ഥാനം രാധാകൃഷ്ണൻ ഒഴിഞ്ഞത്. മാതൃഭൂമി പത്രത്തിലെ എഡിറ്ററായിരുന്ന മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടു മാറിയതോടെയായിരുന്നു ഇത്, ഇപ്പോഴും മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലുണ്ട്. എന്നാൽ മനോജ് കെ ദാസിനെ ചാനലിന്റെ മാനേജിങ് എഡിറ്ററാക്കി രാധാകൃഷ്ണന് വീണ്ടും എഡിറ്റോറിയിൽ ചുമതല നൽകിയെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിൽ ഒരു പരിപാടിയുടെ പ്രെമോയുമായി ബന്ധപ്പെട്ട് എംജി രാധാകൃഷ്ണന്റെ ശബ്ദം സംപ്രേഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എംജിആർ എന്ന അറിയപ്പെടുന്ന മുതിർന്ന മാധ്യമ പ്രവർത്തകന്റെ തിരിച്ചു വരവിൽ സൂചന കിട്ടിയത്.

അതിനിടെ 2021 ജൂലൈയ്ക്ക് ശേഷവും രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന സൂചന. വാർത്താ വിഭാഗത്തിന്റെ ഉത്തരവാദിത്തം മനോജ് കെ ദാസിന് നൽകുകയാണ് ചെയ്തത്. വീണ്ടും അതേ ചുമതല രാധാകൃഷ്ണന് തിരികെ നൽകുന്നുവെന്നാണ് അവിടെയുള്ളവർ പ്രതികരിക്കുന്നത്. ഏതായാലും ന്യൂസ് വിഭാഗത്തിന്റെ തലവനായി വീണ്ടും രാധാകൃഷ്ണൻ മാറുകയാണ്. രാജിവച്ച ശേഷം തിരിച്ചെത്തിയത് ഓഗസ്റ്റിലായിരുന്നു. അന്ന് എംജി ആറിന് അഡൈ്വസർ പദവിയാണ് നൽകിയത്. വീണ്ടും ചാനലിന്റെ പൂർണ്ണ ചുമതല എംജിആറിനെ ഏൽപ്പികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമയാണ് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസിനെതിരെ ബിജെപിയും പരിവാറുകാരും നിരന്തര ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിമുടി മാറ്റം ഏഷ്യാനെറ്റ് ന്യൂസിൽ വരുത്തുമെന്ന ഉറപ്പ് ബിജെപി കേന്ദ്ര നേതൃത്വത്തിന് രാജീവ് ചന്ദ്രശേഖർ നൽകിയതായി സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് എംജി രാധാകൃഷ്ണന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയതെന്നായിരുന്നു വിലയിരുത്തൽ.. ഇടതു ബന്ധങ്ങൾ ഏറെയുള്ള രാധാകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവയ്‌പ്പിച്ചതിന് പിന്നിൽ പരിവാർ സമ്മർദ്ദമായിരുന്നു.

മാതൃഭൂമിയിലൂടെയാണ് രാധാകൃഷ്ണൻ പത്രപ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഇന്ത്യാ ടുഡേയിലേക്ക് മാറി. ടിഎൻ ഗോപകുമാറിന്റെ മരണ ശേഷം ഏഷ്യാനെറ്റ് എഡിറ്ററായി. ടി എൻ ഗോപകുമാറുമായുള്ള അടുപ്പമാണ് ഏഷ്യനെറ്റ് ന്യൂസിലേക്ക് രാധാകൃഷ്ണനെ അടുപ്പിച്ചത്. തന്റെ പിൻഗാമിയെന്ന പോലെ രാധാകൃഷ്ണനെ അവതരിപ്പിക്കുകയായിരുന്നു ടിഎൻജി. ബിജെപി വിരുദ്ധത ആരോപിച്ച് പരിവാറുകാർ രംഗത്ത് എത്തിയത് ഏഷ്യാനെറ്റ് ന്യൂസിനെ ചർച്ചകളിൽ എത്തിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ബിജെപിക്കും കോൺഗ്രസിനും പ്രത്യേക വാർത്താ ഗ്രൂപ്പുകളുണ്ടാക്കിയുള്ള മെയിലും ചർച്ചയായി. ഇതുയർത്തി ബിജെപി ബഹിഷ്‌കരണത്തിലുമാണ്. ഇതിന് പിന്നാലെയായിരുന്നു രാധാകൃഷ്ണന്റെ രാജി.

മലയാള മാധ്യമ ലോകത്തെ സൗമ്യമുഖമായിട്ടായിരുന്നു എംജി രാധാകൃഷ്ണൻ അറിയപ്പെട്ടിരുന്നത്. ടി എൻ ജിയുടെ പിൻഗാമിയായി ഏഷ്യാനെറ്റ് ന്യൂസിനെ നയിച്ചതും അതേ പുഞ്ചിരിയുമായിട്ടായിരുന്നു. ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി പരിപാടികളും അവതരിപ്പിച്ചു. ചാനലിന് പറയാനുള്ള കാര്യവും പരസ്യമായി തന്നെ തുറന്നു പറഞ്ഞു. ഒരു ടീമായി ഏഷ്യാനെറ്റ് ന്യൂസിനെ കൊണ്ടു പോവുകയും ചെയ്തു. ഇതിനിടെയാണ് ബിജെപിയുമായുള്ള വിവാദം. കമ്യൂണിസ്റ്റ് കുടുംബ പശ്ചാത്തലവും ബിജെപിക്കാർ രാധാകൃഷ്ണനെതിരെ ആരോപണമായി ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പവും ചർച്ചയാക്കി. എന്നാൽ ഇതെല്ലാം പെട്ടെന്ന് മറക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ്.

ബംഗാളിലെ ആക്രമണവുമായി ബന്ധപ്പെട്ട ചാനൽ ലേഖികയുടെ പരാമർശങ്ങളും എഡിറ്ററെയാണ് ബാധിച്ചത്. ഇതിന് പിന്നാലെ റിപ്പോർട്ടർമാർക്ക് തെരഞ്ഞെടുപ്പു കാലത്തെ ഇടപെടലിന് അയച്ച ഇമെയിലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പുറത്തു വിട്ടു. ബിജെപി സമ്പൂർണ്ണ ബഹിഷ്‌കരണത്തിലേക്കും പോയി. ഇതിനിടെയാണ് കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടന എത്തുന്നത്. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകാതിരിക്കാൻ ഇതെല്ലാം ബിജെപിക്കാർ ആയുധമാക്കി. എന്നാൽ പ്രധാനമന്ത്രി മോദി രാജീവ് ചന്ദ്രശേഖറിനെ വിശ്വാസത്തിൽ എടുത്തു. ഇതിന് പിന്നിൽ ചില ധാരണയുണ്ടെന്ന സൂചനകളും പുറത്തു വന്നു. ഏതായാലും രാധാകൃഷ്ണൻ രാജിവച്ചു.

പുതുവർഷത്തിൽ വീണ്ടും ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗമായി രാധാകൃഷ്ണൻ എന്തുകൊണ്ടെത്തുന്നുവെന്ന് വ്യക്തമല്ല. രാജീവ് ചന്ദ്രശേഖറിന്റെ മീഡിയാ ഗ്രൂപ്പിന് കീഴിയിൽ നിരവധി ഭാഷാ ചാനലുകളുണ്ട്. ഇതിന്റെ എല്ലാം ചുമതല മനോജ് കെ ദാസിന് നൽകുമെന്നാണ് സൂചന. മാതൃഭൂമി എഡിറ്റർ സ്ഥാനത്തു നിന്നുള്ള മനോജ് കെ ദാസിന്റെ രാജിയും തീർത്തും അപ്രതീക്ഷിതമായിരുന്നു. രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമുള്ള ആളാണ് മനോജ് കെ ദാസ്.

എംജി രാധാകൃഷ്ണൻ രാജിവച്ചിട്ടും കേരളത്തിലെ ബിജെപി ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം പുനഃസ്ഥാപിച്ചില്ല. സിപിഎമ്മും ചാനലുമായി അകലുന്ന സാഹചര്യമുണ്ടായി. ഇതെല്ലാം മുഖവിലയ്ക്കെടുത്താണ് എംജി രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസിൽ തിരിച്ചു കൊണ്ടു വരുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാർ ചേരി തിരിഞ്ഞ് പ്രശ്നമുണ്ടാക്കാതിരിക്കാൻ കൂടിയാണ് ഈ നടപടിയെന്നും സൂചനയുണ്ട്.