തിരുവനന്തപുരം: മതം മാറ്റവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ശക്തമായി പ്രതികരിച്ച് എം ജി ശ്രീകുമാർ.കഴിഞ്ഞ ദിവസം നവരാത്രി ദേവി ഗീതങ്ങൾ റിലീസ് ചെയ്ത എം.ജി.ശ്രീകുമാറിനു നേരേ മതത്തിന്റെ പേരിൽ അനാവശ്യ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗായകൻ മതം മാറുകയാണോ എന്നു ചോദിച്ചാണ് പലരും രംഗത്തെത്തിയത്. ചിലർ പരിഹാസരൂപേണ അദ്ദേഹത്തെ 'പാസ്റ്റർ' എന്ന് അഭിസംബോധന ചെയ്യുകയുമുണ്ടായി. 'പാസ്റ്റർ, നവരാത്രി ആശംസകൾ ഒക്കെ ഉണ്ടോ?' എന്നായിരുന്നു എംജിയുടെ പോസ്റ്റിനു താഴെ ചിലരുടെ കമന്റ്.

വിമർശനങ്ങളും ആക്ഷേപങ്ങളും അതിരുകടന്നതോടെയാണ് തൊട്ടുപിന്നാലെ എം.ജി. ശ്രീകുമാറിന്റെ പ്രതികരണവുമെത്തിയത്.'ഒരു ഗായകൻ എന്ന നിലയിൽ ഞാൻ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ധികൾ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാൻ മതം മാറിയെന്നത്. ഞാൻ ഒരു ഹിന്ദു ആണ്. പക്ഷേ ഒരു ശക്തിയിൽ വിശ്വസിക്കുന്നു. ഏതു ശക്തിയിൽ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്.

എന്റെ ഗുരുക്കന്മാർ ശബരിമലയിൽ പോകുന്നു, കൂട്ടുകാർ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നു.അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായിത്തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓൾ', എന്നാണ് കമന്റുകൾക്കു മറുപടിയായി എം.ജി.ശ്രീകുമാർ കുറിച്ചത്.

തുടർന്ന് ഗായകനെ പിന്തുണച്ച് ആരാധകർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഓരോരുത്തരുടെയും കമന്റുകൾക്ക് എം.ജി.ശ്രീകുമാർ മറുപടി നൽകുന്നുമുണ്ട്. ഒപ്പം പുതിയ പാട്ടിനെക്കുറിച്ചുള്ള പ്രശംസയ്ക്ക് ആരാധകരോട് അദ്ദേഹം നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്തു.

ഏതാനും വർഷം മുൻപ് ഒരു ചാനൽ ഷോയ്ക്കിടെ ഗായകൻ പറഞ്ഞ ചില കാര്യങ്ങൾ അടുത്തിടെ ചർച്ചയായിരുന്നു. താൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടുമ്പോൾ പ്രത്യേക അനുവഭം തോന്നാറുണ്ടെന്നുംഎംജി പറഞ്ഞിരുന്നു. ഈ പ്രതികരണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് മതംമാറ്റം വരെയുള്ള ചർച്ചകളിലേയ്ക്ക് എത്തിയത്.