കോഴിക്കോട്: ഉദ്യോഗസ്ഥ അനാസ്ഥയിൽ തപാൽ വോട്ട് നഷ്ടമായ ചരിത്രകാരൻ എം.ജി.എസ്. നാരായണൻ, പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ആരോഗ്യസ്ഥിതി മോശമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്ത കണ്ടുവിശ്വസിച്ച ഉദ്യോഗസ്ഥർ, എംജിഎസ് മരിച്ചെന്ന് റിപ്പോർട്ട് ചെയ്തതാണ് വോട്ടുനഷ്ടപ്പെടാൻ ഇടയാക്കിയത്.

തപാൽ വോട്ടിന് എം.ജി.എസ്. നാരായണൻ വീട്ടിൽ കാത്തിരുന്നു. തൊട്ടടുത്തുള്ളവർ പലരും വോട്ടുചെയ്തപ്പോൾ എം.ജി.എസ്സിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ എത്തിയില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബൂത്ത് ലെവൽ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയതാണ് കാരണം.

90 വയസുണ്ട്, ഇക്കാലത്തിനിടെ ഒരിക്കൽ പോലും വോട്ട് ചെയ്യാതിരുന്നിട്ടില്ല. ഇത്തവണ ഇനി ബൂത്തിൽപോയി വോട്ടുചെയ്യാൻ ആരോഗ്യം അനുവദിക്കുന്നില്ല എന്നതാണ് വിഷമം. ഉദ്യോഗസ്ഥരുടെ പിഴവിൽ നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ എസ് സാംബശിവ റാവു വിശദീകരിക്കുന്നു. വോട്ടവകാശം നഷ്ടപ്പെടില്ലെന്നും എംജിഎസിന് ബൂത്തിലെത്തി വോട്ടുചെയ്യാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും കലക്ടർ ഉറപ്പുനൽകുന്നു.