ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം അശങ്കയായി തുടരുന്ന പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായിത്തന്നെ ഉത്തരവാദികളാക്കണമെന്നു സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

ഏതെങ്കിലും സ്ഥാപനമോ പ്രദേശമോ മാർക്കറ്റുകളോ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു ശ്രദ്ധയിൽപ്പെട്ടാൽ, ബന്ധപ്പെട്ട നിയമങ്ങൾ അനുസരിച്ചു നടപടിയെടുക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. രോഗ സ്ഥിരീകരണം കുറയുന്നുണ്ടെങ്കിലും ഇനി രോഗം പടരാതിരിക്കാനുള്ള കാര്യങ്ങൾക്കായിരിക്കണം ശ്രദ്ധ വേണ്ടത്. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ എന്നിവ പിന്തുടരണമെന്നും കത്തിൽ നിർദേശിക്കുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ചു പൊതുഗതാഗത സംവിധാനങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും, കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു കേന്ദ്രത്തിന്റെ നടപടി.

ശാരീരിക അകലം ഉൾപ്പെടെയുള്ളവ പാലിക്കാതെ മാർക്കറ്റുകളിൽ വലിയ ജനക്കൂട്ടമാണെന്നു കത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നു ചില സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ 'ആർ' ഫാക്ടർ (പുനരുൽപാദന / വ്യാപന നിരക്ക്) കൂടുന്നത് ആശങ്കാജനകമാണ്. ഹോട്സ്‌പോട്ടുകൾക്കു പുറമെ, തിരക്കേറിയ എല്ലാ സ്ഥലങ്ങളിലും കോവിഡ് പ്രതിരോധ നടപടികൾ ഉറപ്പാക്കുന്നതിന് അധികൃതരെ ചുമതലപ്പെടുത്തണം. രണ്ടാം തരംഗം അവസാനിക്കാത്തതിനാൽ അലംഭാവം കാണിക്കരുത്.