കോഴിക്കോട്: ക്ഷീര കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പാൽ സംഭരണം അറുപത് ശതമാനമായി കുറച്ച നടപടിയിൽ നിന്ന് മിൽമ പിന്മാറി. മലബാർ മേഖലയിലെ കർഷകരിൽ നിന്ന് മിൽമ കൂടുതൽ പാൽ സംഭരിക്കുമെന്ന് മിൽമ അധികൃതർ വ്യക്തമാക്കി. ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാൻ തീവ്ര ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇന്ന് മുതൽ സംഘങ്ങളിൽ നിന്ന് 80 ശതമാനം പാൽ സംഭരിക്കുമെന്നും മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി, മാനേജിങ് ഡയറക്ടർ ഡോ. പി മുരളി എന്നിവർ അറിയിച്ചു.

ലോക്ഡൗണിൽ പാൽ വിൽപ്പന ഗണ്യമായി കുറയുകയും പാൽ ഉത്പാദനം വൻതോതിൽ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. മൂന്നുലക്ഷം ലിറ്റർ പാലാണ് പ്രതിദിനം മലബാർ യൂണിയനിൽ മിച്ചം വന്നിരുന്നത്. അയൽ സംസ്ഥാനങ്ങളിലും ലോക്ഡൗണായതിനാൽ മിച്ചം വരുന്ന പാൽ ഇവിടങ്ങളിലയച്ച് പൊടിയാക്കുന്നതിലും തടസങ്ങൾ നേരിട്ടു.

ഇതേത്തുടർന്ന് ചൊവ്വാഴ്ച മുതൽ കർഷകരിൽ നിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് മിൽമ 60 ശതമാനമാക്കി കുറച്ചിരുന്നു. പ്രതിസന്ധികൾ പൂർണമായും പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സമീപ ദിവസങ്ങളിൽ തന്നെ ഉത്പാദിപ്പിക്കുന്ന നൂറു ശതമാനം പാലും കർഷകരിൽ നിന്ന് വാങ്ങാനാകുമെന്നാണ് കരുതുന്നതെന്നും മിൽമ എം ഡി പറഞ്ഞു.