തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അതിനെതിരായ പ്രതിഷേധങ്ങളും പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. സിൽവർലൈൻ പ്രോജക്ടിന് വേണ്ടി സ്ഥലമെടുപ്പും ആരംഭിച്ചുകഴിഞ്ഞു. കൊല്ലത്തും കോട്ടയത്തുമടക്കം നിരവധി സ്ഥലങ്ങളിൽ കെ റെയിൽ സ്ഥലമെടുപ്പിനെതിരെ സമീപവാസികൾ രംഗത്തെത്തിക്കഴിഞ്ഞു. കോട്ടയം പനച്ചിക്കാട്ട് സ്ഥലം അളന്ന് കല്ലിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥസംഘത്തെ കെ റെയിൽ- സിൽവർ ലൈൻ വിരുദ്ധ സമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞിരുന്നു.

കെ റെയിൽ വിരുദ്ധ സമിതി ചെയർമാൻ ബാബു കുട്ടൻചിറ, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മിനി കെ. ഫിലിപ്പ്, ജൂഫിൻ, ഫിലിപ്പ് കുട്ടി തുടങ്ങിവരുടെ നേതൃത്വത്തിലായിരുന്നു കെ റെയിൽ സംഘത്തെ തടഞ്ഞത്. ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് സമരസമിതി രക്ഷാധികാരിയും എസ് യു സി ഐ ജില്ലാ സെക്രട്ടറിയുമായ മിനി കെ ഫിലിപ്പ് ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കപ്പെടുകയാണ്. തങ്ങളെ തടഞ്ഞ നാട്ടുകാരോട് നിങ്ങൾ വികസനത്തെ തടയരുതെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെയാണ് മിനി ഫിലിപ്പ് വെള്ളം കുടിപ്പിച്ചത്. ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു.

40 കൊല്ലം മുമ്പ് സുരേഷ് കുറുപ്പ് എംപിയായിരുന്ന കാലത്ത് തറക്കല്ലിട്ട പാലമാണതെന്ന് അടുത്തുള്ള പണി തീരാത്ത പാലത്തെ ചൂണ്ടി പറഞ്ഞുകൊണ്ടാണ് മിനി സംസാരിച്ചുതുടങ്ങിയത്. ആദ്യം ആ പാലത്തിന്റെ പണി തീർത്തുതരൂ, എന്നിട്ടാകാം കെ റെയിൽ എന്നും അവർ കൂട്ടിച്ചേർത്തു. ഈ പനച്ചിക്കാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ആദ്യം കുടിവെള്ളം എത്തിച്ചുതരൂ. മര്യാദയ്ക്ക് യാത്ര ചെയ്യാനായി ഗട്ടറില്ലാത്ത റോഡ് ഉണ്ടാക്കിതരൂ. പനച്ചിക്കാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യപരിചരണത്തിനാവശ്യമായ ആശുപത്രി നിർമ്മിച്ചുതരൂ, അവിടേയ്ക്ക് നല്ല ഡോക്ടർമാരെ നിയമിക്കൂ. എന്നിട്ട് മതി കെ റെയിലിന് സ്ഥലമേറ്റെടുപ്പ്. ഒരു കെ റെയിൽ ഇല്ലെങ്കിൽ അത് കേരളത്തിലെ ജനങ്ങൾ സഹിച്ചു എന്നും മിനി കെ ഫിലിപ്പ് പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നത് വീഡിയോയിലുണ്ട്.

മിനിയുടെ വാക്കുകളെ അവിടെ എത്തിയ നാട്ടുകാരും പിന്തുണയ്ക്കുന്നുണ്ട്. തങ്ങളുടെ എല്ലാവരുടെയും അഭിപ്രായം ഇതുതന്നെയാണെന്നാണ് അവർ പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നത്. നിങ്ങൾ വികസനവിരുദ്ധരാകരുതെന്ന് പറയുന്ന പൊലീസുകാരോട് കുറച്ച് സിമന്റും കമ്പിയും ചെലവഴിച്ചൊരു പദ്ധതി ഉണ്ടാക്കുന്നതല്ല വികസനമെന്ന് മിനി വ്യക്തമാക്കുന്നുണ്ട്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയാണ്. എസ് യു സി ഐ കോട്ടയം ജില്ലാ സെക്രട്ടറിയാണ്.

ഒരു നാടിന്റെ വികസനം ഉറപ്പാക്കണമെങ്കിൽ മിനിമം ആ നാട്ടിലെ ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങൾ നിർവഹിക്കാനുള്ള അവസരം ഉണ്ടാകണം. വിദ്യാഭ്യാസവും തൊഴിലും കുടിവെള്ളവും ആരോഗ്യവും ഉറപ്പാക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും മനുഷ്യരെ പോലെ ജീവിക്കാനുള്ള അവകാശവും അധികാരവും ഉണ്ടാകണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മാനഭയവും ജീവഭയവും ഇല്ലാതെ ജീവിക്കാൻ കഴിയണം. അതാണ് യാഥാർത്ഥ വികസനമെന്ന് മിനി കെ റെയിലിൽ കല്ലിടാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നു.

ഇതിനിടെ എന്താണ് സാറുദ്ദേശിക്കുന്ന വികസനമെന്ന് നാട്ടുകാർ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുമ്പോൾ ഉത്തരംമുട്ടി നിൽക്കുന്ന ഉദ്യോഗസ്ഥനെയാണ് വീഡിയോയിൽ കാണുന്നത്. കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്നുവന്ന പ്രതിരോധ സമിതികളെ സംഘടിപ്പിച്ചാണ് കെ റെയിൽ- സിൽവർ ലൈൻ വിരുദ്ധ സമിതി രൂപീകരിച്ചിട്ടുള്ളത്. സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കെ റെയിലിനെ അനുബന്ധ പ്രവർത്തനങ്ങളെ ഇവരുടെ നേതൃത്വത്തിൽ തടയുന്നുണ്ട്.

പനച്ചിക്കാട് സ്ഥലമേറ്റെടുപ്പ് നടക്കുന്നു എന്നറിഞ്ഞാണ് ഇവർ അവിടെ എത്തിയത്. കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന നാട്ടുകാരും ഇവർക്കൊപ്പം കൂടി. വിവിധ ജില്ലകളിൽ നാട്ടിയിരിക്കുന്ന അളവ് കല്ലുകൾ സമിതിയുടെ നേതൃത്വത്തിൽ മാറ്റുമെന്നും ഇവർ അറിയിച്ചു.