പാലക്കാട്: ഓണക്കറ്റിൽനിന്ന് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കരുതെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ സപ്ലൈകോക്ക് നിർദ്ദേശം നൽകി. കിറ്റിൽ 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും ലഭ്യതക്കുറവിനാൽ 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുത്താമെന്നായിരുന്നു

റീജനൽ മാനേജർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ സപ്ലൈകോ സി.എം.ഡി കഴിഞ്ഞദിവസം നിർദേശിച്ചത്. കശുവണ്ടിപ്പരിപ്പിന്റെ ലഭ്യതക്കുറവ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഭക്ഷ്യമന്ത്രി സൂചിപ്പിച്ച സമയത്ത് പരമാവധി കശുവണ്ടിപ്പരിപ്പ് ശേഖരിച്ച് കിറ്റിൽ ഉൾപ്പെടുത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.

തുടർന്നാണ് കശുവണ്ടിപ്പരിപ്പ് ഒഴിവാക്കരുതെന്ന് മന്ത്രി നിർദ്ദേശം നൽകിയത്. കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്തെ 4.27 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റ് നൽകിയത്.