തിരുവനന്തപുരം: പുതിയ സർക്കാരുകൾ വരുമ്പോൾ മന്ത്രി മന്ദിരങ്ങൾ നവീകരിക്കുന്ന പതിവുണ്ട്. ആർഭാടമായി തന്നെ വൻതുകയാണ് ഇതിന് ചെലവാക്കുന്നത്. പിണറായി സർക്കാരിന്റെ ഒന്നാം ഘട്ടത്തിലും ഈ മോടിപിടിപ്പിക്കൽ വാർത്തകളിൽ ഇടംനേടിയിരുന്നു. ഫർണിച്ചർ, കർട്ടനുകൾ, കാർപ്പെറ്റുകൾ എന്നിവ സജ്ജമാക്കുന്നത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ്.ഇത്തവണയും മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പക്കൽ ആരംഭിച്ചു കഴിഞ്ഞു. ഈ കാഴ്‌ച്ചകൾക്കിടയിൽ വേറിട്ട ശബ്ദമാകുകയാണ് മന്ത്രി കെ. രാജൻ.

മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് 23 ലക്ഷം രൂപയാണ് മോടികൂട്ടാൻ അനുവദിച്ചത്.എന്നാൽ തനിക്ക് അത്രയും ആ്ർഭാടം വേണ്ടെന്നും പതിനഞ്ചായിരം രൂപ നിരക്കിൽ അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നുമാണ് മന്ത്രി അറിയിച്ചത്.കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് മന്ത്രിക്ക് അനുവദിച്ചത്. അത് മോടിപിടിപ്പിക്കാൻ 23 ലക്ഷത്തിനാണ് ടൂറിസം വകുപ്പ് ടെൻഡർ തയ്യാറാക്കിയത്.പൊതുമരാമത്ത് ബിൽഡിങ്‌സ് വിഭാഗമാണ് എസ്റ്രിമേറ്റ് തയ്യാറാക്കിയത്.എന്നാൽ പൈപ്പുകളുടെയും ഇലക്ട്രിക്കൽ ലൈനുകളുടെയും അത്യാവശ്യ ജോലികൾ മാത്രം തീർത്താൽ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. എല്ലാം കൂടി 15,000 രൂപയുടെ ജോലി മാത്രം.

അറ്റകുറ്റപ്പണി തീരാത്തതിനാൽ കെ. രാജൻ ഇപ്പോൾ എംഎ‍ൽഎ ഹോസ്റ്റലിലെ മുറിയിലാണ് താമസം.കഴിഞ്ഞ മന്ത്രിസഭയിലെ സിപിഐ അംഗം വി എസ്. സുനിൽ കുമാറും ഇവിടെയാണ് താമസിച്ചിരുന്നത്. പ്രതിപക്ഷ നേതാവിന് നൽകാറുള്ള കന്റോൺമെന്റ് ഹൗസ് അടക്കം 21 ഔദ്യോഗിക വസതികളാണുള്ളത്.