കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി സിൽവർ ലൈൻ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികൾക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതുസമൂഹത്തിനുവേണ്ടിയുള്ളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചുമായിരുക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ രംഗത്ത് വന്നിരുന്നു.സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുനരാലോചിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പദ്ധതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ സർവേ നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു പാർട്ടിക്കുള്ളിലും പുറത്തും ഉയരുന്ന ചോദ്യങ്ങൾക്കു മറുപടി നൽകാൻ വിശദീകരണ യോഗങ്ങൾക്കു തുടക്കമിടാൻ സിപിഎം. പദ്ധതി സംബന്ധിച്ച സർക്കാരിന്റെ ഭാഗവും പാർട്ടി നിലപാടും ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ പാർട്ടി അംഗങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം പദ്ധതി കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക ക്യാംപെയ്‌നുകൾ സംഘടിപ്പിക്കാനും പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

പദ്ധതിക്കെതിരെ കോൺഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്കു മറുപടി നൽകാൻ ബ്രാഞ്ച് കമ്മിറ്റികൾ വരെയുള്ള പാർട്ടി ഘടകങ്ങളെ സജ്ജരാക്കാനും നേതൃത്വം ലക്ഷ്യമിടുന്നു. 5 ലക്ഷത്തിലേറെ അംഗങ്ങളുള്ള സിപിഎമ്മിനു 35000 ലേറെ ബ്രാഞ്ചുകളും 2200 ലോക്കൽ കമ്മിറ്റികളും 206 ഏരിയ കമ്മിറ്റികളും ഉണ്ട്. പദ്ധതിയെക്കുറിച്ചു വിശദീകരിക്കാൻ സർക്കാർ വിളിച്ചു ചേർക്കുന്ന പൗരപ്രമുഖരുടെ യോഗങ്ങൾക്കു ശേഷം പാർട്ടിതല ക്യാംപെയ്‌നുകൾ ശക്തമാക്കും.

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കൂട്ടായ്മകൾ, കാൽനട ജാഥകൾ തുടങ്ങിയവയും സംഘടിപ്പിക്കും. പദ്ധതിയെച്ചൊല്ലി കൂടുതൽ പ്രതിഷേധം ഉയർന്നിട്ടുള്ള ജില്ലകളിൽ തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ സർക്കാർ തലത്തിൽ ആലോചനയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ അംഗങ്ങളുള്ള പാർട്ടിയെന്ന നിലയിൽ സിപിഎം ഈ ദൗത്യത്തിനും ചുക്കാൻ പിടിക്കും.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം, സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രത്യേക രേഖ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കെ ഫോൺ, ദേശീയ ജലപാത, ദേശീയപാത വികസനം തുടങ്ങിയവയ്‌ക്കൊപ്പം സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചും ഇതിൽ വിശദീകരിച്ചിരുന്നു. പിന്നീടാണ് സിൽവർ ലൈൻ പദ്ധതി വ്യാപക ചർച്ചയ്ക്കു വിഷയമാകുന്നത്. ഈ പശ്ചാത്തലത്തിലാണു പാർട്ടി അംഗങ്ങളിലും പൊതുജനങ്ങളിലും ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ ക്യാംപെയ്‌നുകൾ ആലോചിച്ചത്.

പദ്ധതിയെ ആദ്യം പൂർണമായും അനുകൂലിച്ചിരുന്ന സിപിഐയുടെ നിലപാടിൽ മാറ്റമുണ്ടായതിനൊപ്പം സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ പുറത്തുവിടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ആവശ്യമുയർന്നിരുന്നു. പദ്ധതി സംബന്ധിച്ചു സമൂഹമാധ്യമങ്ങളിൽക്കൂടി വിശദീകരണം നൽകുന്നതിനൊപ്പം ഭവന സന്ദർശനം നടത്താനും പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു.