തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘാടനത്തിനായി സമഗ്ര മാസ്റ്റർപ്ലാൻ. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ചാണ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്. പതിനായിരത്തോളം കോടി രൂപ മുതൽമുടക്ക് വരുന്ന പദ്ധതിയാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. വിശദ മാസ്റ്റർപ്ലാൻ മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. മുഖ്യമന്ത്രിയാകും ഈ പദ്ധതിയിൽ ഇനി അന്തിമ തീരുമാനം എടുക്കുക. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണവും വിപുലീകരണവുമാണ് ലക്ഷ്യംവെക്കുന്നത്.

ഹ്രസ്വകാല നടപടികൾക്കായി 2659 കോടി, മധ്യകാല പദ്ധതികൾക്കായി 2833 കോടി, ദീർഘകാലപദ്ധതികൾക്കായി 3974 കോടി എന്നിങ്ങനെയാണ് സമഗ്ര റിപ്പോർട്ട്. 405 പദ്ധതികളാണ് ലക്ഷ്യമിടുന്നത്. മൂന്നു ഘട്ടങ്ങളിലുമുള്ള നടപടികൾ 10 വർഷംകൊണ്ട് പൂർത്തിയാകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് 17,538 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000-ത്തിൽപരം തൊഴിലുകളും സൃഷ്ടിക്കപ്പെടും.

ഇലക്ട്രിക്കൽ, എൻജിനിയറിങ്, ഇലക്ട്രോണിക്‌സ്, കെമിക്കൽ, ടെക്സ്‌റ്റൈൽസ്, സെറാമിക്‌സ്, പരമ്പരാഗത മേഖലകളിലായാണ് നിലവിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തുക. ഓരോ മേഖലയ്ക്കും മാർഗനിർദ്ദേശം നൽകുന്നതിന് വിദഗ്ധരുൾപ്പെടുന്ന സംവിധാനം നിലവിൽ വരും. ഓരോ സ്ഥാപനത്തിലും എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അവയ്ക്കുള്ള മുതൽമുടക്കുമടക്കം വിശദമായ പ്ലാനാണ് തയ്യാറാക്കിയത്.

നവീകരണത്തിനായി വേണ്ടിവരുന്ന തുക കണ്ടെത്താൻ കിഫ്ബിയെയാണ് പ്രധാനമായും ആശ്രയിക്കുക. പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള വായ്പ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം നിലവിലുള്ള ഭൂമി വ്യവസായ ആവശ്യത്തിന് പാട്ടത്തിന് നൽകുക എന്നിവ വഴിയും പണം കണ്ടെത്തും. ഭൂമി വ്യവസായ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് കർശന വ്യവസ്ഥയുമുണ്ടാകും.

പൊതുമേഖലയിലെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങളെ ലയിപ്പിക്കും. മെറ്റൽ ഇൻഡസ്ട്രീസും സ്റ്റീൽ ഇൻഡസ്ട്രീസും കയർ മേഖലയിൽ പ്രവർത്തിക്കുന്ന ഫോം മാറ്റിങ്സും കയർ ഇൻഡസ്ട്രീസും ലയിപ്പിക്കുന്നത് പരിഗണനയിലാണ്. വ്യവസായ മേഖലയുമായും അക്കാദമിക് സ്ഥാപനങ്ങളുമായും കൂട്ടിയിണക്കി പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കും. ഇതിലൂടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കും.

വിദേശ വിപണിയടക്കം ഉത്പന്നങ്ങളുടെ വിപണനത്തിനായി കണ്ടെത്തും. റിയാബാണ് നവീകരണം നടപ്പാക്കുന്നതിനുള്ള പ്രധാന ഏജൻസി. കേരള വാണിജ്യമിഷനെയും ശക്തിപ്പെടുത്തും.