തിരുവനന്തപുരം: മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊർജമാണ് ആരോഗ്യ മേഖലയ്ക്ക് നൽകുന്നത്. മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ മുൻകൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ആറ് ഇനങ്ങൾ അടങ്ങുന്ന ഒരു പരിപാടിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളും അനുബന്ധ സംവിധാനങ്ങളും സർവസജ്ജമാക്കാൻ ഇതേറെ സഹായിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി രണ്ടാം കോവിഡ് പാക്കേജിൽ 2800 കോടി രൂപയാണ് വകയിരുത്തിയത്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ വാങ്ങി നൽകുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തി. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വർഷം 559 കോടി രൂപ ഗ്രാന്റിനോടൊപ്പം സംസ്ഥാന സർക്കാർ വിഹിതവും പ്രാദേശിക സർക്കാർ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.

എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നതിന് 636.5 കോടി രൂപ വകയിരുത്തി. ഈ തുക എംഎ‍ൽഎ. വികസന ഫണ്ടിൽ നിന്നും കണ്ടെത്തുന്നതാണ്. എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സിഎസ്എസ്ഡിയാക്കി (കേന്ദ്ര അണുവിമുക്ത വികസന വകുപ്പ്) മാറ്റുന്നു. ഈ വർഷം 25 ഇടടഉകൾ നിർമ്മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തി.

പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കൽ കോളേജുകളിലും ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണ്. ആദ്യ ഘട്ടമായി ഈ വർഷം തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി. മൂന്നാം തരംഗം ആരോഗ്യ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള അടിയന്തര ചികിത്സാ സംവിധാനം വർധിപ്പിക്കേണ്ടതുണ്ട്. സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലുകളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കും. പ്രാരംഭ ഘട്ടമായി 25 കോടി രൂപ വകയിരുത്തി.

ഗുരുതരമായ കോവിഡ് കേസുകളുടെ ചികിത്സയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓക്സിജൻ ലഭ്യത. 150 മെട്രിക് ടൺ ശേഷിയുള്ള ഒരു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കുമായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മെഡിക്കൽ റിസർച്ചിനും സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിനും അമേരിക്കയിലുള്ള സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിൽ ഒരു സ്ഥാപനം ആരംഭിക്കും. വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുവാൻ 50 ലക്ഷം രൂപ അനുവദിച്ചു.

ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ഉപകരണങ്ങളും നിർമ്മിക്കുന്നതിന് റജിയണൽ ടെസ്റ്റ് ലാബോറട്ടറി, സർവകലാശാലകൾ, മറ്റു ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രാരംഭ ചെലവുകൾക്കായി 10 കോടി രൂപ അനുവദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യിൽ വാക്സിൻ ഗവേഷണം, വാക്സിൻ നിർമ്മാണം എന്നിവയ്ക്കായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിനനുവദിക്കുന്ന ഹെൽത്ത് ഗ്രാന്റിൽ നിന്നും നടപ്പ് സാമ്പത്തിക വർഷം 559 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കും. ഈ തുക കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് വിനിയോഗിക്കുന്നത്. ഹെൽത്ത് ഗ്രാന്റിനോടൊപ്പം സംസ്ഥാന സർക്കാർ വിഹിതവും പ്രാദേശിക സർക്കാർ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും.

ആയുഷ് വകുപ്പിനായും ബജറ്റിൽ വകയിരുത്തി. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കോവിഡാനന്തര ചികിത്സകൾക്കും ആയുഷ് വകുപ്പുകൾ മുഖാന്തിരം ഔഷധങ്ങൾ ലഭ്യമാക്കും. ഇതിനായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.