തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിയിൽ കഴിഞ്ഞ കാലത്തുണ്ടായ വീഴ്‌ച്ചകൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികളുമായി പാർട്ടി. എല്ലാം പാർട്ടി നിയന്ത്രിക്കുന്ന അവസ്ഥയിലാണ് രണ്ടാം മന്ത്രിസഭയിൽ. പുതുമുഖങ്ങളെ നിയമിച്ചെങ്കിലും ഇവരെ മുന്നിൽ നിർത്തി ഭരണം നടത്തുക പാർട്ടി നിർദ്ദേശിക്കുന്നവരാകും. അവതാരങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞ തവണ നടത്തിയ ശ്രമം വിജയിക്കാതെ പോയതോടെയാണ് ഇക്കുറി എല്ലാം പാർട്ടി നിയന്ത്രണത്തിലേക്ക് എത്തുന്നത്.

മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനിമാരെത്തന്നെ നിയമിക്കാനാണ് നീക്കം. സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51 ആയിരിക്കും. പഴ്‌സനൽ സ്റ്റാഫിൽ പരമാവധി 25 പേരായിരിക്കും. ഇതിൽ പകുതി സർവീസിൽ ഉള്ളവരും ബാക്കി പാർട്ടി നോമിനികളമാക്കാനാണ് നീക്കം. നിലവിലെ പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളിൽ അനിവാര്യരായവരെ മാത്രം തുടരാൻ അനുവദിക്കാനാണ് പാർട്ടി തീരുമാനം.

പാർട്ടി ആസ്ഥാനത്തു പ്രവർത്തിക്കുന്നവർക്കു മാനദണ്ഡങ്ങളിൽ ഇളവുണ്ട്. മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എകെജി സെന്ററിലെ ഓഫിസ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.സജീവനെ നിയമിക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ ഏറ്റവും ഭരണപരിചയം കുറവുള്ള മന്ത്രിയായതു കൊണ്ടാണ് ഇത്തരമൊരു മുതിർന്ന അംഗത്തെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

മുതിർന്ന മന്ത്രിമായായ എം വിഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോ.വി.പി.പി.മുസ്തഫയെ പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം മറ്റു മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിലും പാർട്ടി ഇടപെടൽ ഉണ്ടാകും. മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെരുമാറ്റച്ചട്ടം സംബന്ധിച്ചു നിലവിലുള്ള നിർദ്ദേശങ്ങൾ തുടരും. ഓഫിസിൽ എത്തുന്നവരോടു ജാഗ്രതയോടെ പെരുമാറാൻ മന്ത്രിമാർക്കും പഴ്‌സനൽ സ്റ്റാഫിനും നിർദ്ദേശം നൽകും.

സ്ഥിരം സന്ദർശകരെ ശ്രദ്ധിക്കും. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുൻപ് പാർട്ടിയുടെയും പൊലീസിന്റെയും അനുവാദം മന്ത്രിമാർ ഉറപ്പാക്കണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത.ഭരണത്തുടർച്ച ആയതിനാൽ ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്തു മൂന്ന് വർഷ കാലാവധി പൂർത്തിയാക്കാൻ ഉള്ളവർ കാലാവധി തീരുന്നതു വരെ തുടരും.

കഴിഞ്ഞ സർക്കാറിൽ 20 മന്ത്രിമാരെ സേവിക്കാൻ 480 പേഴ്സണൽ സ്റ്റാഫുകളാണ് ഉണ്ടായിരുന്നത്. അന്ന്, ഏറ്റവും കൂടുതൽ പഴ്സണൽ സ്റ്റാഫുള്ളത് ജലവിഭമന്ത്രി കെ കൃഷ്ണൻ കുട്ടിക്കാണ്. 26 ജീവനക്കാരാണ് മന്ത്രിക്ക് ചുറ്റുമുണ്ടായിരുന്നത്. ഏറ്റവും കുറവ് ജീവനക്കാർ എംഎം മണിക്കുമായിരുന്നു. 20 ജീവനക്കാർ.

പ്രൈവറ്റ് സെക്രട്ടറി,അഡീഷണൽ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി,പഴ്സണൽ അസിസ്റ്റന്റ്, പാചകക്കാർ തുടങ്ങി ഒരു കൂട്ടം ജീവനക്കാരാണ് ഓരോ മന്ത്രിക്കും ചുറ്റുമുള്ളത്. ഇതിൽ പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്. 77400 മുതൽ 115200 രൂപ വരെയാണ് ഇവർക്ക് ശമ്പളമായി നൽകുന്നത്. ഏറ്റവും കുറവ് ശമ്പളമുള്ള പാചകക്കാരനു പോലും 16500 മുതൽ 35700 വരെയാണ് ശമ്പള സ്‌കെയിൽ.