കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ് . ബിഗ് സ്‌ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ ടൊവിനോയ്ക്ക് സാധിച്ചിരുന്നു. തിയറ്റർ റിലീസിന് പകരം നെറ്റ്ഫ്ളിക്സിലൂടെ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി പ്രേക്ഷകരിലെത്തിയപ്പോൾ ഉയരുന്നത് ടൊവിനോ തോമസിന്റെ താരമൂല്യമാണ്.

നെറ്റ്ഫ്ളിക്സ് 2021ൽ ഒരു പ്രാദേശിക ഭാഷാ ചിത്രമായിരുന്നിട്ടും ഏറ്റവും വലിയ പ്രമോഷൻ നൽകിയത് മിന്നൽ മുരളിക്കാണ്. ബോളിവുഡ്, തമിഴ്, തെലുങ്ക് സിനിമകൾ നേരിട്ട് ചെയ്യാതെ ഇതരഭാഷാ പ്രേക്ഷകരിൽ സ്വീകാര്യത ഉറപ്പിക്കാൻ ടൊവിനോ തോമസിന് മിന്നൽ മുരളി വഴിയൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മുരളി എന്ന് പേരുള്ള ഒരു തയ്യൽക്കാരൻ യുവാവിനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിക്കൽ മിന്നൽ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികൾ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തിൽ സൃഷ്ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്.

കോവിഡ് കാലത്ത് ഒ.ടി.ടി റിലീസുകൾക്ക് പിന്നാലെ മിക്ക പ്രാദേശിക ഭാഷാ താരങ്ങളും ക്രോസ് ഓവർ സ്വഭാവത്തിൽ മറ്റ് ഭാഷാ പ്രൊജക്ടുകളുടെ ഭാഗമായിരുന്നു. പാൻ ഇന്ത്യൻ താരമൂല്യം ലക്ഷ്യമിട്ട് കൂടിയായിരുന്നു ഇത്. മിന്നൽ മുരളി തിയറ്റർ റിലീസ് ആലോചിച്ച ഘട്ടത്തിൽ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഡബ്ബിംഗിലേക്ക് കടന്നിരുന്നു. അഞ്ച് ഭാഷകളിലാണ് നെറ്റ്ഫ്ളിക്സ് ചിത്രം പ്രിമിയർ ചെയ്തത്.

ആമിർ ഖാൻ ചിത്രം ലാൽ സിങ് ഛദ്ദയിലേക്കുള്ള ക്ഷണം മിന്നൽ മുരളിക്ക് വേണ്ടി ഉപേക്ഷിച്ചിരുന്നതായി അടുത്തിടെ ടൊവിനോ തോമസ് പറഞ്ഞിരുന്നു. തെലുങ്ക് യുവതാരം നാഗചൈതന്യയാണ് പിന്നീട് ഈ റോൾ ചെയ്തത്. നെറ്റ്ഫ്ളിക്സ് റിലീസിന് മുന്നേ തന്നെ ജിയോ മാമി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മിന്നൽ മുരളി പ്രദർശിപ്പിച്ചതും ബേസിൽ ജോസഫിനും ടൊവിനോ തോമസിനും കരിയറിൽ വഴിത്തിരിവായി.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ ചിത്രങ്ങൾക്കായിരുന്നു ഒ.ടി.ടി റിലീസിൽ മുൻഗണന. തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് പിന്നാലെ ദുൽഖർ സൽമാനും, അയ്യപ്പനും കോശിയും എന്ന സിനിമക്ക് പിന്നാലെ പൃഥ്വിരാജും ഒ.ടി.ടി താരമൂല്യത്തിൽ മുന്നേറി.

പൃഥ്വിയുടെ കോൾഡ് കേസ്, കുരുതി, ഭ്രമം എന്നീ സിനിമകൾ ഒടിടി റിലീസായിരുന്നു. 2021 ഫെബ്രുവരിയിൽ ദൃശ്യം സെക്കൻഡ് പ്രിമിയറിന് പിന്നാലെ മലയാളത്തിൽ നിന്ന് ഏറ്റവുമധികം ഒടിടി വിപണിമൂല്യമുള്ള താരമായി മോഹൻലാലും മാറിയിരുന്നു. ലൂസിഫർ തിയറ്റർ റിലീസിന് പിന്നാലെ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് നടത്തിയതാണ് മോഹൻലാലിന് തുടക്കം മുതൽ ഗുണം ചെയ്തത്.

മിന്നൽ മുരളിക്ക് പിന്നാലെ ഒടിടി റൈറ്റ്സിലും ഇതരഭാഷാ റിമേക്കിലും ഡബ്ബിങ് റൈറ്റിലുമെല്ലാം ടൊവിനോ തോമസിന്റെ വിപണി മൂല്യം ഉയരും. പ്രാദേശിക ഭാഷാ സിനിമകളിൽ തമിഴിനും തെലുങ്കിനുമായിരുന്നു ഒടിടി വിപണിമൂല്യത്തിൽ മലയാളത്തെക്കാൾ പരിഗണന ലഭിച്ചിരുന്നത്. മലയാളത്തിൽ നിന്നുള്ള ദൃശ്യം സെക്കൻഡ്, സീ യു സൂൺ, മാലിക്, ജോജി, ഹോം എന്നീ സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയതോടെ മലയാളം കണ്ടന്റുകൾക്ക് ഡിമാൻഡും വർദ്ധിച്ചിരുന്നു.

മലയാളത്തിൽ നിന്നുള്ള നെറ്റ്ഫ്ളിക്സ് പ്രിമിയർ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നിരന്തരം വിമർശിക്കപ്പെട്ടതിന് പിന്നാലെയാണ് മിന്നൽ മുരളി വരുന്നത്. ആമസോൺ നേരത്തെ പ്രിമിയർ ചെയ്ത ഇരുൾ, മണിയറയിലെ അശോകൻ എന്നീ സിനിമകൾക്കൊന്നും നൽകാതിരുന്ന പ്രചരണതന്ത്രവും പ്രമോഷനൽ കാമ്പയിനുമാണ് മിന്നൽ മുരളിക്കായി നൽകിയത്. ഒടിടി മത്സരത്തിൽ ആമസോൺ പ്രൈമിന് മുന്നിൽ മത്സരമുയർത്താനാകുന്ന പ്രൊജക്ട് മലയാളത്തിൽ നിന്ന് ലഭിച്ചു എന്നതും ഗുണമായി.

ആഷിക് അബു ചിത്രം നാരദൻ, വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന വാശി, ഖാലിദ് റഹ്‌മാൻ ചിത്രം തല്ലുമാല, വിനീത് കുമാർ ചിത്രം എന്നിവയ്ക്കും ടൊവിനോയുടെ ഇതരഭാഷാ വിപണി മൂല്യം ഉയർന്നത് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.