കൊച്ചി: മിന്നൽ മുരളിയിലെ രണ്ടാം ഭാഗം ഉറപ്പായി കഴിഞ്ഞു. അടുത്ത ഡിസംബറിൽ കുറുക്കന്മൂലയിലെ വീരന്റെ കഥ വീണ്ടും തിയേറ്ററിലെത്തും. ത്രി ഇഫക്ടിൽ കോടികൾ ചെലവാക്കിയാകും അടുത്ത ഭാഗം. മിന്നിൽ മുരളിയുടെ ആദ്യ ഭാഗത്തിൽ രണ്ടല്ല മൂന്ന് പേർക്ക് മിന്നലേറ്റു അത്രേ. അതാകും തുടർച്ചയുടെ പശ്ചാത്തലം. രണ്ടാം ഭാഗത്തിന്റെ കഥയും നേരത്തെ സംവിധായകൻ ബേസിൽ ജോസഫ് മനസ്സിൽ കണ്ടിരുന്നു. ആദ്യ ഭാഗത്തിൽ ടോവിനോയ്‌ക്കൊപ്പം താരമായത് ഷിബുവായി തിളങ്ങിയ ഗുരു സോമസുന്ദരമാണ്. രണ്ടാം ഭാഗത്തിൽ 'ഗുരു' ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഫെബ്രുവരിയിൽ മിന്നലിന്റെ രണ്ടാം ഭാഗം തുടങ്ങാനാണ് സാധ്യത. അതുണ്ടായാൽ മലയാളത്തിൽ രണ്ട് ത്രിഡി ചിത്രങ്ങൾ ഒരേ സമയം ഷൂട്ടിങ് ചെയ്യും എന്ന പ്രത്യേകതയും വരും. മോഹൻലാൽ സംവിധാനം ചെയ്യുന്ന പോർച്ചുഗീസ് നാടോടിക്കഥയായ ബറോസും ത്രിഡിയാണ്. ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങി കഴിഞ്ഞു. മാർച്ചു വരെ ഈ സിനിമയുടെ ഷൂട്ടിങ് നടക്കും. ക്രിസ്മസ് റിലീസായി ഈ ചിത്രം അവതരിപ്പിക്കാനാണ് ലാൽ ആലോചിക്കുന്നത്. ഓണത്തിന് മുമ്പ് ജോലി പൂർത്തിയായാൽ സെപ്റ്റംബറിൽ ബറോസ് എത്തും. അതുണ്ടായില്ലെങ്കിൽ ഡിസംബറിൽ മിന്നൽ രണ്ടും ബറോസും ഒരുമിച്ച് തിയേറ്ററുകളിലെത്തും.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുറേക്കൂടി വലിയ ചിത്രമായിരിക്കും രണ്ടാം ഭാഗം. ത്രീ ഡി ചിത്രമാകാനാണ് സാധ്യതയെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു. 'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളിയെത്തിയത്. അത് വലിയ വിജയമായതിന്റെ ആവേശത്തിലാണ് മലയാള സിനിമയും. നെറ്റ് ഫ്‌ളിക്‌സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. രണ്ടാം ഭാഗം തിയേറ്ററിൽ തന്നെ എത്തും.

'എന്താണ് മുന്നിലുള്ളതെന്ന് പറയാൻ ഇത് അല്പം നേരത്തെയാണ്. പക്ഷേ, ഞങ്ങൾ രണ്ടാം ഭാഗം പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും. എന്താണ് മനസ്സിലുള്ളതെന്ന് പറയാനാവില്ല. പക്ഷേ, അത് മികച്ച ഒരു അനുഭവമായിരിക്കും. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാം ഭാഗം പ്രഖ്യാപിക്കും. ഷിബു ചിത്രത്തിലുണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പക്ഷേ, ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. പറഞ്ഞതുപോലെ വലിയ കാര്യങ്ങളാണ് മനസ്സിലുള്ളത്. പ്രേക്ഷകർ ഞങ്ങൾക്ക് നൽകിയ സ്വീകരണം ഫ്രാഞ്ചൈസിയെ അടുത്ത തലത്തിൽ എത്തിക്കാനുള്ള ലൈസൻസാണ്. മിന്നൽ മുരളി ത്രിമാന രൂപത്തിൽ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് അത് ഉപേക്ഷിച്ചു. അടുത്ത ഭാഗം ത്രീഡി ആവാനുള്ള സാധ്യതയുണ്ട്.'- സോഫിയ പോൾ പറഞ്ഞു.

മിന്നൽ മുരളിക്കു രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയുമായി ടൊവിനോ തോമസിന്റെ വിഡിയോ പുറത്തു വന്നു. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് സൂചന നൽകിയത്. 'പറക്കാൻ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി'. വർക്കൗട്ട് വിഡിയോ പങ്കുവച്ച് ടൊവീനോ കുറിച്ചു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് സംവിധായകൻ ബേസിൽ ജോസഫും വ്യക്തമാക്കിയിരുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മിന്നിൽ മുരളിയുടെ ആദ്യ ഭാഗം റിലീസായിരുന്നു. മിസ്റ്റർ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.