തൊടുപുഴ: കുമാരമംഗലത്ത് മിന്നൽ മുരളി സിനിമയുടെ ഷൂട്ടിങ് മുടങ്ങാൻ പ്രധാനകാരണം കാണികളായെത്തിയവരുടെ കടുംപിടുത്തമെന്ന് സൂചന. രാവിലെ അടച്ചിട്ട ഹാളിൽ ഷൂട്ടിങ് ആരംഭിച്ചതോടെ വിവരമറിഞ്ഞ് പ്രദേശവാസികൾ ചിലരെത്തിയിരുന്നു. ചിത്രീകരണം കാണണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇത് സാധ്യമല്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയതോടെ ഇവർ രോക്ഷാകൂലരായി.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഷൂട്ടിങ് കാണാൻ തങ്ങൾക്കും അവകാശമുണ്ടെന്നായി കാഴ്ചക്കാരുടെ വാദം. വാക്കുതർക്കം അടിയുടെ വക്കിൽ വരെയെത്തി. ഇതിനിടയിൽ ഇവരിലാരോ വിവരം പൊലീസിലും അറിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തുകയും പ്രദേശം ഡി കാറ്റഗറിയിൽപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

ടോവിനോ അടക്കമുള്ള അഭിനേതാക്കൾ ഷൂട്ടിംഗിനെത്തുമെന്ന ധാരണയിലാണ് കാണികൾ എത്തിയതെന്നാണ് സൂചന. സാങ്കേതിക പ്രവർത്തകരടക്കം 50-ളം പേരടങ്ങുന്ന സംഘമാണ് ചിത്രീകരണത്തിനായി ഇന്നലെ തൊടുപുഴയിൽ എത്തിയത്. പൊലീസ് സ്റ്റേഷന്റെ സെറ്റിട്ട നിലയിലായിരുന്നു ലൊക്കേഷൻ.

തങ്ങൾ എത്തുമ്പോൾ ഇവിടെ സാങ്കേതിക പ്രവർത്തകർമാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നെന്നും തൊടുപുഴ സി ഐ അറിയിച്ചു. നേരത്തെ ഷൂട്ടിങ് നടത്താൻ ലഭിച്ചിരുന്ന അനുമതിയുടെ പശ്ചാത്തലത്തിൽ കോവിഡ് ചട്ടങ്ങൾ പാലിച്ചാണ് ചവചിത്രപ്രവർത്തകർ തൊടുപുഴയിലെത്തിയിരുന്നത്.

ഷൂട്ടിങ് തുടങ്ങുന്നവിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമ സംഘടനകളെ അറിയിക്കുകയും ചെയ്തിരുന്നു. സംഘത്തിലുള്ളവരെല്ലാം രണ്ട് ഡോസ് വാക്സിനെടുത്തവരും ആർ റ്റി പി സി ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിച്ചിരുന്നവരും ആണെന്നുമാണ് അറിയുന്നത്.

പുറമെയുള്ളവരുമായി യാതൊരുവിധ സമ്പർക്കവുമില്ലാതെ ചിത്രീകരണം നടത്തുന്നതിനുള്ള സംവിധാനങ്ങൾ സിനിമാ സംഘം ഒരുക്കിയിരുന്നെന്നും സിനിമാ ചിത്രീകരണം നിർത്തി വയ്ക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത് ചിലരുടെ ദുഷ്ടലാക്കാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഇത്തരം സംഭവങ്ങൾ മൂലം സിനിമക്കാർ തൊടുപുഴയെ ഉപേക്ഷിക്കാൻ തുടങ്ങുമെന്ന ആശങ്കയും ഇവർ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നുണ്ട്.