കൊച്ചി: ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്യുന്നത് ഡിസംബർ 24ന് ഉച്ചക്ക് 1.30 മുതൽ. ടോവിനോയാണ് ഫേസ്‌ബുക്കിലൂടെ സമയം അറിയിച്ചത്.

അതേസമയം മിന്നൽ മുരളിയുടെ വേൾഡ് പ്രിമിയർ മുംബൈയിൽ നടന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക പ്രദർശനം. മലയാളത്തിന്റെ അഭിമാന ചിത്രമെന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിപ്രായങ്ങൾ. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സൺ എന്ന യുവാവിന്റെ കഥയാണ് 'മിന്നൽ മുരളി'.

'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'മിന്നൽ മുരളി' റിലീസ് ചെയ്യും.വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് രചന. സമീർ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ.