തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു കഴിഞ്ഞ ദിവസം കാണാതായ സ്റ്റാഫ് നഴ്‌സ് കൊഞ്ചിറവിള സമദർശിനി നഗർ വേളിവിളാകത്ത് വീട്ടിൽ ഋതുഗാമി (33) മടങ്ങിയെത്തി. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് ആരോടും പറയാതെ രണ്ടു ദിവസം മുൻപ് നാഗർകോവിലിലേക്ക് ഋതുഗാമി പോകുകയായിരുന്നെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.

നാഗർകോവിലിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഋതുഗാമിയെ കാണാനില്ലെന്നു കാട്ടി ഭാര്യാസഹോദരൻ പൊലീസിൽ പരാതി നൽകി. ഫോൺ നമ്പർ പൊലീസിനു കൈമാറിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

ഇന്ന് രാവിലെ ഭാര്യയുടെ മൊബൈലിലേക്കു വിളിച്ച ഋതുഗാമി, താൻ നാഗർകോവിലിൽ ഉണ്ടെന്നും ഉച്ചയോടെ തിരിച്ചെത്തുമെന്നും അറിയിച്ചു. കേസ് എടുത്തിരുന്നതിനാൽ ഋതുഗാമിയെ കോടതിയിൽ ഹാജരാക്കിയശേഷം പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.