ലഖ്നൗ: മറ്റൊരു സുവർണ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ഐക്കൺ മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പൂർത്തിയാക്കുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന ബഹുമതിയാണ് മിതാലി സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന നാലാ ഏകദിനത്തിലാണ് മിതാലി ഈ നേട്ടം കൈവരിച്ചത്. മത്സരം തുടങ്ങുംമുൻപ് 212 മത്സരങ്ങളിൽ നിന്ന് 6974 റൺസായിരുന്നു മിതാലിന്റെ സമ്പാദ്യം. നാലാം ഏകദിനത്തിൽ 21 റൺസ് കൂടി ചേർത്ത് മിതാലി പുതിയ ചരിത്രം സൃഷ്ടിച്ചു. എന്നാൽ, നിർണായക മത്സരത്തിൽ ഇന്ത്യൻ നായികയ്ക്ക് അർധസെഞ്ചുറി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 71 പന്തിൽ നിന്ന് 45 റൺസെടുത്ത മിതാലിനെ ടുമി ഷെകുകുനെ പുറത്താക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപ് കരിയറിൽ പതിനായിരം റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ വനിതാ താരം എന്ന നേട്ടം മിതാലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 36 റൺസ് നേടിയാണ് മിതാലി ഈ നാഴികക്കല്ല് പിന്നിട്ടത്. മുൻ ഇംഗ്ലണ്ട് നായിക ഷാർലറ്റ് എഡ്വേഡ്സാണ് ഈ നേട്ടം കൈവരിച്ച ആദ്യ വനിതാ താരം. എന്നാൽ, ഏകദിനത്തിൽ എഡ്വേഡ്സിന് 5992 റൺസ് മാത്രമാണ് നേടാനായത്. മൊത്തം 10273 റൺസാണ് അവരുടെ മൊത്തം സമ്പാദ്യം.

10 ടെസ്റ്റിൽ നിന്ന് 663 ഉം 213 ഏകദിനത്തിൽ നിന്ന് ഏഴായിരും 89 ടിട്വന്റിയിൽ നിന്ന് 2364 റൺസുമാണ് ഇതുവരെയായി മിതാലിയുടെ സമ്പാദ്യം.