മുംബൈ: എന്നും കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി തിരിച്ചെത്തുന്നു. ഒട്ട്‌ലാന്ററിന്റെ പുതിയ പതിപ്പുമായാണ് മിറ്റ്‌സുബുഷി വീണ്ടുമെത്തുന്നത്. ഔട്ട്‌ലാൻഡർ ക്രോസ്ഓവറാണ് ഇത്തവണ വരുന്നത്. ഫെബ്രുവരി മാസത്തോടെ ഇതിന്റെ ബുക്കിങ് ഇന്ത്യയിൽ ആരംഭിക്കുമെന്നാണ് സൂചന. ആദ്യ വരവിൽ പെട്രോൾ പതിപ്പിൽ മാത്രമാകും ഔട്ട്‌ലാൻഡർ.

ലാൻസറിനും പജീറോക്കും ശേഷം ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ഔട്ട്‌ലാൻഡറിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 169 ബി.എച്ച്.പി. കരുത്തും 225 എൻ. എം. ടോർക്കും ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ ഫോർ-സിലിൻഡർ എൻജിനിൽ 6 സ്പീഡ് സിവിടി ഗിയർബോക്‌സായിരിക്കും. ഇതിൽ പാഡിൽ ഷിഫ്റ്റ് ഇടംപിടിക്കാനും സാധ്യതയുണ്ട്. സൂപ്പർ-ഓൾ വീൽ കൺട്രോൾ ഓൾ-വീൽ-ഡ്രൈവ് സംവിധാനമായിരിക്കും ഇതിലുണ്ടാവുക. ആവശ്യമായ സന്ദർഭങ്ങളിൽ നാലു ടയറുകളിലേക്കും കരുത്തെത്തുന്നതാണിത്.

എസ്.യു.വി.കൾക്ക് ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത മൾട്ടിപ്പിൾ ഡ്രൈവിങ് മോഡുകൾ ഇതിലുണ്ടാവുക സ്വാഭാവികം. മിറ്റ്‌സുബുഷി ഇപ്പോൾ കൊണ്ടുനടക്കുന്ന ഡയനാമിക് ഷീൽഡ് ഡിസൈൻ ഔട്ട്‌ലാൻഡറും പിന്തുടരും. ക്രോം ഫിനിഷോടെയുള്ള ട്വിൻ-സ്ലാറ്റ് ഗ്രില്ലിനോടു ചേർന്നാണ് ഹെഡ് ലാംപുകൾ. പിയാനോ ബ്ലാക് ഫിനിഷ് നേടിയ സെന്റർ കൺസോൾ. ഓട്ടോമാറ്റിക് ഹെഡ് ലാംപുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, എൽഇഡി ഹെഡ് ലാംപുകൾ, ഫോഗ് ലാംപുകൾ, 6.1 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ റോക്ക്‌ഫോർഡ് ഫൊസ്‌ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി എന്നിവയും സജ്ജമാണ്.

സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ആക്ടീവ് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സ്റ്റാൻഡേർഡായുണ്ടാവും. ഏകദേശം 30 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഔട്ട്‌ലാൻഡർ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യത. 2012-ൽ ആയിരുന്നു രണ്ടാം തലമുറ ഔട്ട്‌ലാൻഡർ ഇന്ത്യയിൽനിന്ന് കമ്ബനി പിൻവലിച്ചത്. പൂർണമായും നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന രീതിയിലായിരിക്കും ഔട്ട്‌ലാൻഡറിന്റെ രണ്ടാം വരവ്. ഹോണ്ട സി.ആർ.വി., ഫോക്‌സ്വാഗണിന്റെ ടിഗ്വാൻ എന്നിവയായിരിക്കും പ്രധാന എതിരാളികൾ.