കോഴിക്കോട്: കൃത്യമായ നിലപാടുകളോടെയും അഭിപ്രായ പ്രകടനങ്ങളോടെയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ എം കെ മൂനിർ.അത്തരത്തിൽ ഇട്ട ഒരു പോസ്റ്റിലുടെ ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ് അദ്ദേഹം.സ്വവർഗാനുരാഗ സമൂഹത്തിന് ആശംസയർപ്പിച്ച് ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് മുനീറിന് ഇപ്പോൾ തലവേദനയാകുന്നത്. 'നിങ്ങളുടെ ലൈംഗിക സ്വത്വത്തിൽ അഭിമാനിക്കുക, നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തെരഞ്ഞെടുപ്പുകൾ അഭിമാനപൂർവം നടത്തുക എന്ന സന്ദേശമാണ് എം കെ മുനീർ ഫേസ്‌ബുക്കിലുടെ പങ്കുവെച്ചത്.പോസ്റ്റിട്ടതോടെ ശീതൽശ്യാം ഉൾപ്പടെ ഉള്ളവർ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വന്നത്. നിങ്ങളുടെ ലൈംഗിക സ്വത്വത്തിൽ അഭിമാനിക്കുക, നിങ്ങളുടെ ആഗ്രഹമനുസരിച്ചുള്ള ലൈംഗിക തെരഞ്ഞെടുപ്പുകൾ അഭിമാനപൂർവം നടത്തുക എന്ന സന്ദേശമാണ് മുനീർ സാഹിബ് പോസ്റ്റിൽ ഘഏആഠഝ സ്വത്വങ്ങൾ അവകാശപ്പെടുന്ന സമൂഹത്തിന് നൽകുന്നത്. pride month
ഇങ്ങനെയൊരു സന്ദേശം നൽകുന്നതിന്റെ അർത്ഥം താങ്കൾ പുരുഷനും പുരുഷനും തമ്മിലോ സ്ത്രീയും സ്ത്രീയും തമ്മിലോ നടക്കുന്ന സ്വവർഗ ലൈംഗിക ബന്ധങ്ങളെ അംഗീകരിക്കുന്നു എന്നും അത്തരം ബന്ധങ്ങളെ അഭിമാനപൂർവ്വം പ്രഖ്യാപിക്കാനും പുലർത്താനും സ്വവർഗ ലൈംഗിക താൽപര്യങ്ങൾ ഉള്ളവരോട് ആഹ്വാനം ചെയ്യുന്നും എന്നും ആണല്ലോ. എങ്കിൽ, സ്വവർഗ ലൈംഗിക ബന്ധങ്ങൾ പാപമാണെന്നുള്ള ഇസ്ലാമിക അദ്ധ്യാപനത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു? ഇവ്വിഷയകമായ ഇസ്ലാമിക ധാർമികത കാലഹരണപ്പെട്ടതാണെന്നോ പരിഷ്‌കരിക്കപ്പെടണമെന്നോ പുനർവായിക്കപ്പെടണമെന്നോ ഒക്കെ താങ്കൾ വിചാരിക്കുന്നുണ്ടോ എന്ന് വ്യക്തമായി അറിയാൻ താൽപര്യമുണ്ട്. ട്രാൻസ്‌ജെൻഡറുകളെക്കുറിച്ചല്ല, ഗെയ്/ലെസ്‌ബിയൻ/ബൈസെക്ഷ്വൽ ലൈംഗിക ബന്ധങ്ങളെ കുറിച്ചാണ് ചോദ്യം എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്

മുസ്ലിം ലീഗിന്റെ പ്രിവിലേജ് ഉപയോഗിച്ച് ജയിച്ചു വന്ന് ഇത്തരം പോസ്റ്റിടുന്നത് ശരിയാണോയെന്നും വിമർശനമുയർന്നു. ഇങ്ങനെ വിമർശനങ്ങൾ വ്യാപകമായതോടെയാണ് മുനീർ പോസ്റ്റ് പിൻവലിച്ചതെന്നാണ് സൂചന.അതേസമയം ഫേസ്‌ബുക്കിലെ പോസ്റ്റ് മാത്രമാണ് പിൻവലിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ പോസ്റ്റ് അതേപടി നിലനിർത്തിയിട്ടുമുണ്ട്.

എന്നാൽ പോസ്റ്റ് പിൻവലിച്ചെങ്കിലും വിമർശനം അവിടം കൊണ്ട് തീർന്നില്ല.പോസ്റ്റ് പിൻവലിച്ചതിനെതിരെയാണ് ഇപ്പോഴത്തെ വിമർശനം.പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റിന് താഴെയാണ് വിമർശനം. പിൻവലിക്കാനായിരുന്നെങ്കിൽ പോസ്റ്റിട്ട് അപമാനിക്കേണ്ടിയിരുന്നില്ലെന്ന് ഒരു കമന്റിൽ പറയുന്നു. എന്നാൽ എം.കെ മുനീർ ഇത്തരമൊരു പോസ്റ്റിട്ടത് തന്നെ വലിയൊരു വിപ്ലവമാണെന്നും അതിനെ പോസിറ്റിവായി കാണണമെന്നും മറുകമന്റുമുണ്ട്.

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ സാമൂഹ്യക്ഷേമവകുപ്പ് കൈകാര്യം ചെയ്ത എം.കെ മുനീൽ സ്വവർഗാനുരാഗികൾക്കും ട്രാൻസ്ജെൻഡേഴ്സിനുമായി നിരവധി പദ്ധതികൾ ഏർപ്പെടുത്തിയിരുന്നു. ട്രാൻസ്ജെൻഡേഴ്സ് പ്രോഗ്രാമുകളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു.